കൊല്ലം: അഞ്ചല്‍ ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ അമ്മ-മകന്‍ പോര്. അമ്മ ബിജെപിയുടേയും മകന്‍ സിപിഎമ്മിന്റേയും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. പനച്ചവിള പുത്താറ്റ് ദിവ്യാലയത്തില്‍ സുധര്‍മാ രാജനും മകന്‍ ദിനുരാജുമാണ് ഒരേ വാര്‍ഡില്‍ അങ്കം കുറിക്കുന്നത്.
രാവിലെ മുതല്‍ വൈകീട്ടുവരെ ഈ അമ്മയും മകനും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണെങ്കിലും രാഷ്ട്രീയത്തിന്റെ പടച്ചട്ട അഴിച്ചുവെച്ചിട്ടേ ഇരുവരും വീട്ടിലേക്ക് കയറൂ. അവിടെ അമ്മയും മകനും ഒന്നിച്ച് കഴിക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്യും.
‘വീട്ടില്‍ രാഷ്ട്രീയം മിണ്ടരുതെ’ന്നാണ് ഈ അമ്മയ്ക്കും മകനും അച്ഛന്‍ ദേവരാജന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭാര്യയും മകനും ഇത് അപ്പടി അനുസരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വനിതാ വാര്‍ഡായിരുന്ന ഇവിടെ സുധര്‍മ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു. രണ്ടാംസ്ഥാനത്തെത്തി.
വിജയം ഇടതുമുന്നണിക്കായിരുന്നു. ഇക്കുറി ജനറല്‍ വാര്‍ഡില്‍ സുധര്‍മയെ സ്ഥാനാര്‍ഥിയായി ബി.ജെ.പി. നേരത്തേതന്നെ നിശ്ചയിച്ചു. ആദ്യകാല കമ്യൂണിസ്റ്റ് കുടുംബാംഗമായ സുധര്‍മ ഇപ്പോള്‍ മഹിളാമോര്‍ച്ച പുനലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയംഗമാണ്. ഭര്‍ത്താവ് ദേവരാജന്‍ ബി.ജെ.പി. അനുഭാവിയാണ്.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലംമുതല്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനായ ദിനുരാജ് ഡി.വൈ.എഫ്.ഐ. ഇടമുളയ്ക്കല്‍ മേഖലാ ട്രഷററാണിപ്പോള്‍.അമ്മയും മകനുമാണെങ്കിലും ആര് ജയിക്കും എന്ന ചോദ്യത്തിന് ‘സ്വന്തം പാര്‍ട്ടി’ എന്നാണ് ഇരുവരുടെയും ഉത്തരം.
”മകനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഞാന്‍ പിന്മാറുമെന്ന് ചിലരെങ്കിലും കരുതി. പക്ഷേ പാര്‍ട്ടിക്ക് കൊടുത്ത വാക്കാണ്. ഞാന്‍ അത് മാറ്റില്ല”- സുധര്‍മ പറഞ്ഞു. ഒരു വീട്ടിലായിരുന്നു കഴിഞ്ഞയാഴ്ചവരെ താമസം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ദിനുരാജും ഭാര്യ അക്ഷരയും തൊട്ടടുത്തുള്ള കുടുംബവീട്ടിലേക്ക് താമസം മാറി.
”രണ്ട് പാര്‍ട്ടികളുടെയും കമ്മിറ്റിയൊക്കെ വീട്ടില്‍ നടത്തേണ്ടി വരും. അതുകൊണ്ടാണ് തത്കാലത്തേക്ക് വീട് മാറിയത്. രണ്ടു കൂട്ടരുടെയും ‘തന്ത്ര’ങ്ങളൊക്കെ രഹസ്യമായിരിക്കട്ടെ” -ദിനുരാജ് പറയുന്നു. ഇരുവരുടെയും വാശിയേറിയ പോരാട്ടം ഉറ്റുനോക്കുകയാണ് നാട്ടുകാര്‍ ഒന്നടങ്കം.