ബീഫിന് കിലോയ്ക്ക് 180 രൂപ, കച്ചവടക്കാര്‍ തമ്മില്‍ മത്സരവില്‍പ്പന, വാങ്ങാന്‍ നീണ്ട നിരയും

കരുവാരകുണ്ട്: കഴിഞ്ഞ ദിവസം ബീഫ് വില കിലോഗ്രാമിന് 180 രൂപ വരെ എത്തി. കച്ചവടക്കാര്‍ മത്സരിച്ച് വില്‍പന തുടങ്ങിയതോടെയാണ് ബീഫ് വില കുത്തനെ കുറഞ്ഞത്. ഇതോടെ ഇറച്ചി വാങ്ങാനെത്തിയവരുടെ എണ്ണം കൂടി. ഏറെ നേരം ക്യൂ നില്‍ക്കാനും പലരും തയ്യാറായി.

കച്ചവടക്കാര്‍ തമ്മിലുള്ള പോര്‍വിളിയും ഇറച്ചി വാങ്ങാനെത്തിയവരുടെ നീണ്ട നിരയും കാരണം ഇന്നലെ രാവിലെ പുന്നക്കാട് ചുങ്കം ബഹളമയമായി. 260 രൂപയുണ്ടായിരുന്നപ്പോള്‍ 2 ദിവസം മുന്‍പ് ഒരു കച്ചവടക്കാരന്‍ ഇറച്ചി കിലോയ്ക്ക് 220 രൂപ നിരക്കില്‍ വിറ്റു.

ഇതോടെ അടുത്തുള്ള കച്ചവടക്കാരന്‍ 200 രൂപയാക്കി. ഇന്നലെ മത്സരം മൂത്ത് കിലോയ്ക്ക് 180 രൂപയ്ക്കാണ് വിറ്റത്. ഇതോടെ സംസ്ഥാന പാതയോരത്ത് ഇറച്ചി വാങ്ങാനെത്തിയവരുടെ നീണ്ട നിരയായി. ഇറച്ചി തികയാതെ പലരും നിരാശരായി മടങ്ങി.

ഇന്നും കിലോയ്ക്ക് 220 രൂപ നിരക്കില്‍ ഇറച്ചി വില്‍ക്കുമെന്നാണ് ഒരു കടക്കാരന്‍ അറിയിച്ചത്. നേരത്തേ ഇവിടെ 280 രൂപയായിരുന്ന ഇറച്ചി വില. കോവിഡ് കാലത്ത് 260 രൂപയാക്കിയിരുന്നു. നിരവധി ആളുകളാണ് വിലക്കുറവ് വാര്‍ത്ത കേട്ട് ഇവിടേക്ക് എത്തിയത്.

Exit mobile version