പാലിയേക്കര: ജീവനക്കാര്‍ക്കിടയില്‍ വൈറസ് വ്യാപനം രൂക്ഷമായ പാലിയേക്കര ടോള്‍പ്ലാസയില്‍ പുതിയ ജീവനക്കാരെ എത്തിച്ച് പിരിവ് തുടരാന്‍ കമ്പനിയുടെ ശ്രമം. നിലവില്‍ തുറന്നിട്ട ഗേറ്റിലൂടെ കടന്നുപോകുന്ന ഫാസ്ടാഗ് വാഹനങ്ങളുടെ ടോള്‍തുക താനേ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ തുറന്നിട്ട ട്രാക്കുകളിലൂടെ നിയന്ത്രണങ്ങളില്ലാതെ കടന്നുപോകുന്നതാണ് കമ്പനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നത്. ഇതേ തുടര്‍ന്നാണ് പുതിയ ജീവനക്കാരെ എത്തിച്ച് ടോള്‍പിരിവ് പുനഃരാരംഭിക്കാന്‍ കമ്പനിയുടെ ശ്രമം.
അതേസമയം 22 ജീവനക്കാര്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായതോടെ ടോള്‍പ്ലാസ ക്ലസ്റ്ററായി പ്രഖ്യാപിക്കുകയും ജീവനക്കാരെ പിന്‍വലിക്കുകയും ചെയ്തു. 155 ജീവനക്കാര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ വരുമെന്നും ഇവരെ ടോള്‍പിരിവില്‍നിന്ന് മാറ്റണമെന്നും കഴിഞ്ഞദിവസം കളക്ടറുടെ നിര്‍ദേശമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ജീവനക്കാരെ മാറ്റിയത്. നിലവില്‍ ടോള്‍ബൂത്തുകള്‍ തുറന്നിട്ട നിലയിലാണ്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആരോഗ്യവകുപ്പിന്റെ മൊബൈല്‍ യൂണിറ്റ് നടത്തിയ പരിശോധനയിലാണ് 22 പേര്‍ പോസിറ്റീവായത്. ഇതില്‍ പങ്കെടുക്കാനാവാതിരുന്ന 38 പേര്‍ അടിയന്തരമായി ആന്റിജന്‍ പരിശോധന നടത്തി, ഫലം കൈമാറണമെന്നും ആരോഗ്യവകപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ സ്വന്തം നിലയ്ക്ക് പരിശോധന നടത്തേണ്ടിവരും. ഇവരുടെ പരിശോധനാഫലം വരുന്നതുവരെ പട്ടികയിലുള്ള 155 പേരെയും ടോള്‍ ബൂത്തില്‍ ജോലിക്ക് നിയോഗിക്കരുതെന്നും ആവശ്യമെങ്കില്‍ പുതിയ ജീവനക്കാരെ ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മൂന്ന് ഡിവിഷണല്‍ തലവന്മാരുള്‍പ്പെടെ 161 പേര്‍ ടോള്‍പ്ലാസയില്‍ ജോലി ചെയ്യുന്നുണ്ട്.
നിലവില്‍ ജില്ലാ അധികൃതര്‍ക്ക് ടോള്‍പിരിവ് നിര്‍ത്തിവെപ്പിക്കുന്നതിനുള്ള അധികാരമില്ല. നിലവിലുള്ള ജീവനക്കാരെ ഉപയോഗിക്കരുതെന്നാണ് കളക്ടറും ആരോഗ്യവകുപ്പും നിര്‍ദേശിച്ചിരിക്കുന്നത്. ടോള്‍ബൂത്ത് ജീവനക്കാരെ കൂടാതെ ദേശീയപാത പരിശോധന വിഭാഗം, അറ്റകുറ്റപ്പണികള്‍ തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരും നിലവിലെ രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ടോള്‍ ജീവനക്കാരുടെ സമ്പര്‍ക്കപ്പട്ടിക അതിവിപുലമാണ്. ഇതേ തുടര്‍ന്ന് സമീപത്തുള്ള സ്വകാര്യ ഭക്ഷണശാലകള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചിരിക്കുകയാണ്.