തിരുവനന്തപുരം: ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി നടന്‍ മുരളി ഗോപി. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ നാമെല്ലാവരും ഒന്നിച്ച് നിയമപരമായി പോരാടണമെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍, രാഷ്ട്രീയ അജണ്ട എന്നിവയില്‍ നിന്ന് കലയെ സംരക്ഷിക്കുന്നത് ഏതൊരു ജനാധിപത്യത്തിനും പരമപ്രധാനമാണ്. ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമിനെ തടയാനുള്ള ഏതൊരു ശ്രമത്തിനെതിരെയും കൂട്ടായ പരിശ്രമത്തിലൂടെ നിയമപരമായി പോരാടേണ്ടതുണ്ട്. അത് ഉടന്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു.
ആമസോണ്‍ നെറ്റ്ഫ്‌ലിക്‌സ് ഉള്‍പ്പെടെയുള്ളവയെയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി കൊണ്ട് കേന്ദ്രം തീരുമാനമെടുത്തു. ഇതോടെ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനാകും.
ഇതിനോടകം തന്നെ ഉള്ളടക്ക നിയന്ത്രണത്തിന് പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാഷണല്‍ സൈബര്‍ കോഡിനേറ്റര്‍ സെന്ററിനായിരിക്കും ചുമതല. ഓണ്‍ലൈന്‍ സിനിമകള്‍ക്കും പരിപാടികള്‍ക്കും വൈകാതെ നിയന്ത്രണം വരും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കി.
സുപ്രീം കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി എത്തിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. അന്ന് ഒടിടി പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാനായി എന്ത് സംവിധാനമാണ് കേന്ദ്രസര്‍ക്കാരിനുള്ളതെന്ന് ആരാഞ്ഞുകൊണ്ട് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.
Discussion about this post