നടന്നുതുടങ്ങുന്ന പ്രായത്തില്‍ ചുമരില്‍ കയറി വിസ്മയിപ്പിച്ച കുട്ടി. രണ്ടുവയസ്സില്‍ ബാഹുബലിയും, സ്‌പൈഡര്‍മാനുമെല്ലാം കണ്ടശേഷമാണ് ആന്‍വിന്‍ ചുമരിലും, പൈപ്പിലും, തൂണിലിലുമെല്ലാം കയറിത്തുടങ്ങിയത്. ചെറുതിലെ അഭ്യാസിയായ കുഞ്ഞിന്റെ ചുമരുകയറ്റം മാതാപിതാക്കള്‍ ആദ്യം തടഞ്ഞു. അപകട സാധ്യത കണക്കിലെടുത്തായിരുന്നു ഇത്. പക്ഷേ കണ്ണുവെട്ടിച്ച് കുഞ്ഞ് കയറ്റം തുടര്‍ന്നു. അപകടമില്ലാതെ കയറുന്ന കുഞ്ഞിന്റെ കഴിവ് പിന്നീട് മാതാപിതാക്കള്‍ പ്രോത്സാഹിപ്പിച്ചു. ആദ്യം ചുമരില്‍ കയറി സീലിങ് വരെ എത്തി കുഞ്ഞ് തിരിച്ചിറങ്ങാന്‍ കഴിയാതെ കരയുമായിരുന്നു. പിന്നീട് ആ വിദ്യയും പഠിച്ചു. സഹോദരി അല്‍ബിയയില്‍ നിന്ന് കളിപ്പാട്ടങ്ങള്‍ ഒളിപ്പിക്കാനായിരുന്നു ആദ്യം ചുമരില്‍ കയറിയിരുന്നത്. പിന്നീടത് ഹോബി പോലെയായി. ആദ്യമൊക്കെ ചുമരില്‍ കയറുമ്പോള്‍ താഴെ തലയിണകള്‍ നിരത്തി സുരക്ഷ ഒരുക്കുമായിരുന്നു. പിന്നീട് അതിന്റെ ആവശ്യമില്ലാതായി.
തൃശ്ശൂര്‍ കൈപ്പറമ്പ് കനാല്‍പ്പാലം ബിജു വടക്കന്റെയും ജെന്‍സിയുടെയും ഇളയ മകനാണ് ആന്‍വിന്‍. മുണ്ടൂര്‍ സെന്റ്‌മേരീസ് എല്‍പി സ്‌കൂള്‍ യുകെജി വിദ്യാര്‍ത്ഥിയാണ്. വീട്ടില്‍ മാതാപിതാക്കള്‍ ആന്‍വിന്റെ അഭ്യാസങ്ങള്‍ പ്രോത്സാഹിപ്പിക്കുമെങ്കിലും സ്‌കൂളിലുള്‍പ്പെടെ മറ്റ് സ്ഥലങ്ങളില്‍ ചെയ്യരുതെന്ന് കര്‍ശനമായി വിലക്കിയിട്ടുണ്ട്. അപകട സാധ്യത ഭയന്നാണിത്. സ്‌കൂളിലെ ടീച്ചര്‍മാര്‍ക്കും ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്രമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ആന്‍വിന്റെ അഭ്യാസപ്രകടനങ്ങള്‍ നിറഞ്ഞതോടെ നാട്ടിലെയും സ്‌കൂളിലെയും താരമാണ് ഇപ്പോള്‍ ഈ കൊച്ചുമിടുക്കന്‍.
നാലുവര്‍ഷമായി തുടരുന്ന അഭ്യാസ പ്രകടനങ്ങള്‍ ആക്ഷന്‍ സിനിമകള്‍ കാണുമ്പോളാണ് കൂടുന്നതെന്ന് അച്ഛന്‍ പറയുന്നു. ഇപ്പോള്‍ അഞ്ച് സെക്കന്റുകൊണ്ട് ആന്‍വിന്‍ സീലിങില്‍ തൊടും. ആന്‍വിന്റെ കഴിവുകള്‍ പ്രോത്സാഹിപ്പിച്ച് അതില്‍ കൂടുതല്‍ ട്രെയിനിംങ് നല്‍കണമന്നാണ് ഇപ്പോള്‍ മാതാപിതാക്കളുടെ ആഗ്രഹം.
Discussion about this post