ദുബായ: ഐപിഎൽ 13ാം സീസണിലെ മുംബൈ-ഡൽഹി ഫൈനലിലേക്ക് മാസ് എൻട്രി നടത്തി സൂപ്പർതാരം മോഹൻലാൽ കൈയ്യടി നേടിയിരുന്നു. ഇതിന് പിന്നാലെ താരം ഐപിഎൽ ടീം സ്വന്തമാക്കാൻ പോകുന്നുവെന്ന വാർത്തയും പ്രചരിക്കുകയാണ്. ഇനി വരുന്ന ഐപിഎൽ സീസണിൽ ഒമ്പതാമതൊരു ടീം കൂടിയുണ്ടാകുമെന്ന ബിസിസിഐയുടെ തന്നെ വെളിപ്പെടുത്തലാണ് മോഹൻലാലിന്റെ ഫൈനലിലെ സാന്നിധ്യവുമായി കൂട്ടിച്ചേർത്ത് വാർത്ത പ്രചരിക്കാൻ കാരണമായത്.
എന്നാൽ മോഹൻലാൽ ഐപിഎൽ ടീം സ്വന്തമാക്കാൻ പോകുന്നെന്ന പ്രചാരണത്തോടൊപ്പം ചേർത്ത് പ്രചരിപ്പിക്കുന്ന ‘ദി ഹിന്ദു’വിന്റെ ഓൺലൈൻ വാർത്ത 2009ലേതാണെന്നതാണ് സത്യം. അതുകൊണ്ടു തന്നെ ഇപ്പോഴുള്ള പ്രചരണങ്ങളുമായി ബന്ധപ്പെട്ട് മോഹൻലാലോ അടുത്ത വൃത്തങ്ങളോ യാതൊരു പ്രതികരണവും അറിയിച്ചിട്ടില്ല.
മോഹൻലാൽ ഐപിഎൽ ഫൈനലിലെത്താൻ കാരണം ടൂർണമെന്റിന്റെ സംപ്രേക്ഷണാവകാശമുള്ള സ്റ്റാർ ഗ്രൂപ്പുമായുള്ള ബന്ധം മൂലമാണ്. അതുകൊണ്ട് ഐപിഎൽ ഫൈനലിൽ പ്രത്യേക അതിഥിയായി പങ്കെടുപ്പിക്കുകയായിരുന്നു. ഡിസ്നിസ്റ്റാർ കൺഡ്രി ഹെഡ് കെ മാധവൻ ലാലിന്റെ കൂടെയുണ്ടായിരുന്നു.
നേരത്തെ, ഐപിഎൽ തുടക്കകാലത്ത് 2009ൽ മോഹൻലാലും പ്രിയദർശനും ചേർന്ന് ഐപിഎൽ ടീമിനായി ശ്രമിച്ചിരുന്നെങ്കിലും വൻപണച്ചെലവാണെന്ന കാരണത്താൽ ശ്രമം ഒഴിവാക്കിയിരുന്നു. തുടർന്ന് 2011ൽ കൊച്ചി ആസ്ഥാനമാക്കി കൊച്ചി ടസ്കേഴ്സ് വന്നെങ്കിലും ആദ്യ സീസൺകൊണ്ട് തന്നെ ക്ലബ് ഐപിഎൽ വിട്ടിരുന്നു.
ടസ്കേഴ്സ് ഉടമകൾ ബിസിസിഐയ്ക്ക് വാർഷിക ഗാരന്റി നൽകിയില്ലെന്ന പേരിലാണ് 2011ൽ കൊച്ചി ടസ്കേഴ്സിനെ ഐപിഎല്ലിൽനിന്ന് പുറത്താക്കിയത്. 300കോടി നഷ്ടപരിഹാരം നൽകിയാൽ കോടതിക്ക് പുറത്ത് കേസ് തീർക്കാമെന്ന് ആദ്യം ടസ്കേഴ്സ് പറഞ്ഞെങ്കിലും ബിസിസിഐ കേസിന് പോയി. എന്നാൽ ടസ്കേഴ്സിന് 550 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് തർക്ക പരിഹാര പാനൽ ബിസിസിഐയോട് ഉത്തരവിട്ടിരുന്നു. ഇടയ്ക്ക് ഒത്തുതീർപ്പിന് ബിസിസിഐ ശ്രമിച്ചെങ്കിലും ടസ്കേഴ്സ് വഴങ്ങിയിരുന്നില്ല.
Discussion about this post