കിട്ടിയത് ഒരൊറ്റ സീറ്റ്, അതും എന്‍എസ്എസ് ഇടപെടലിലൂടെ, തുറന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് നേതാവ്, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ്. ആകെ കിട്ടിയ സീറ്റ് എന്‍.എസ്.എസ് ഇടപെടലാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ്.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കിട്ടിയ സീറ്റിന് എന്‍.എസ്.എസിന് നന്ദി പറഞ്ഞ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂറാണ് ഫേസ്ബുക്കില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചത്. കുറിപ്പിലൂടെ കോണ്‍ഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ്.

തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ പാല്‍ക്കുളങ്ങര ഡിവിഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശംഭു(വിവേക് എച്ച് നായര്‍)വിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കോര്‍പ്പറേഷന് കീഴില്‍ യൂത്ത് കോണ്‍ഗ്രസിന് ലഭിച്ച ഏക പ്രാതിനിധ്യമാണ് ശംഭുവിലൂടെ ലഭിച്ച സീറ്റ്.

ഒരൊറ്റ സീറ്റ് ലഭിക്കാന്‍ പോലും എന്‍.എസ്.എസ് ഇടപെടല്‍ വേണ്ടിവന്നതില്‍ സംഘടനക്കകത്ത് പ്രതിഷേധം ശക്തമാണ്. എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതെന്ന് എന്‍.എസ് നുസൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ സമ്മതിക്കുന്നു. വാര്‍ഡില്‍ സ്ഥാനാര്‍ഥിയാകാന്‍ അവസരം നല്‍കിയതില്‍ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി സംഗീത്കുമാറിന് നന്ദി അറിയിച്ചാണ് എന്‍.എസ് നുസൂര്‍ നേതൃത്വത്തിനെതിരെ രംഗത്തുവന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനായി തിരുവനന്തപുരം നഗരസഭയില്‍ ആദ്യമായി പ്രഖ്യാപിച്ച സീറ്റ്..
സ്ഥിരമായി പരാജയപ്പെടുന്ന പാല്‍ക്കുളങ്ങര വാര്‍ഡ് പിടിച്ചെടുക്കാന്‍ നിയോഗിക്കപ്പെട്ടവന്‍. തലസ്ഥാനത്തെ സമരപോരാട്ടങ്ങളില്‍ നമ്മളോടൊപ്പം നിന്ന ശംഭു പാല്‍ക്കുളങ്ങരക്ക് വിജയാശംസകള്‍..
എന്‍ എസ് എസ് താലൂക് യൂണിയന്‍ പ്രസിഡന്റ് ബഹു :സംഗീത്കുമാറിന് നന്ദി..

Exit mobile version