തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്ക് കേന്ദ്രം ഉയര്‍ത്തിയ പിഴയില്‍ കുറവ് വരുത്തിയ നടപടി പുനപരിശോധിക്കില്ലെന്ന് കേരളം. കേന്ദ്ര നിയമഭേദഗതിയില്‍ പരമാവധി പിഴയാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അതില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നുമാണ് കേരളത്തിന്റെ നിലപാട്.
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ ഉയര്‍ത്തി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ മിക്ക നിയമലംഘനങ്ങള്‍ക്കുമുള്ള പിഴ, കുറച്ച് കേരളം ഉത്തരവിറക്കി. സുപ്രീംകോടതി നിയോഗിച്ച റോഡ് സുരക്ഷ സമിതി കേരളത്തിന്റെ തീരുമാനം പുനപരിശോധക്കണമെന്നാവശ്യപ്പെട്ട് കേരളത്തിന് കത്ത് നല്‍കിയിരുന്നു. ഇതിലാണ് കേരളം നിലപാട്.
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പരമാവധി ശിക്ഷയാണ് നിയമഭേദഗതിയില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേസ് തീര്‍പ്പാക്കുന്നതിന് പിഴയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. ഈ അധികാരമാണ് കേരളം വിനിയോഗിച്ചത് എന്നാണ് കേരളത്തിന്റെ നിലപാട്. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം സുപ്രീംകോടതി സമിതിയെ ഉടന്‍ അറിയിക്കും.
മദ്യപിച്ച് വാഹനമോടിക്കുന്നതിനൊഴിച്ച് മിക്ക നിയമലംഘനങ്ങള്‍ക്കുമുള്ള പിഴയും കേരളം കുറച്ചിരുന്നു.ഹൈല്‍മറ്റ് ധരിക്കാത്തതിനും സീറ്റ് ബെല്‍റ്റ് ഇടാത്തതിനും 1000 രൂപ പിഴയെന്നത് കേരളം 500 ആയി കുറച്ചിരുന്നു. അമിതവേഗത്തിനുള്ള 3000 രൂപ പിഴ ആദ്യ ലംഘനത്തിന് 1500 ആയും കുറച്ചിരുന്നു. സുപ്രീംകോടതി നിയോഗിച്ച റോഡ് സുരക്ഷ സമിതി ഇത് പുനപരിശോധക്കണമെന്നാവശ്യപ്പെട്ടാണ് കേരളത്തിന് കത്ത് നല്‍കിയത്.