ന്യൂഡല്‍ഹി: സ്വന്തമായി ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് സ്വയം പരിഹാരം കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോട് കേന്ദ്രനേതൃത്വം. സംസ്ഥാനത്തെ പാര്‍ടിയെ യോജിപ്പോടെ കൊണ്ടുപോകണമെന്ന് സുരേന്ദ്രനോട് ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ നിര്‍ദേശിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാനെത്തിയപ്പോഴാണ് സുരേന്ദ്രനോട് നദ്ദ നയം വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപിയുടെ സംസ്ഥാന നേതൃയോഗം ഉടന്‍ചേരും. കേരളത്തിലെ തമ്മിലടിയില്‍ ഇടപെടില്ലെന്ന് ആര്‍എസ്എസിനു പിന്നാലെയാണ് കേന്ദ്ര നേതൃത്വവും വ്യക്തമാക്കിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ബിജെപി ഒഴികെ പ്രധാന പാര്‍ടികളെല്ലാം നേതൃയോഗങ്ങള്‍ ചേര്‍ന്നു. ഇതിനെതിരെ ശോഭ സുരേന്ദ്രന്‍, പി എം വേലായുധന്‍ എന്നിവര്‍ നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ചു. മുതിര്‍ന്ന നേതാക്കളും ഇവരെ ആനുകൂലിച്ചതോടെ ഔദ്യോഗിക പക്ഷം ആശങ്കയിലായി.
24നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതിയുമയച്ചു. പ്രശ്നത്തില്‍ ഇടപെടാനാവശ്യപ്പെട്ട് കെ സുരേന്ദ്രനും വി മുരളീധരനും ആര്‍എസ്എസ് ആസ്ഥാനത്തെത്തി സഹായംതേടി. എന്നാല്‍ ഇടപെടാന്‍ ആര്‍എസ്എസ് തയ്യാറായില്ല. പകരം ഉടന്‍ പരിഹാരം കാണണമെന്ന നിര്‍ദേശമാണ് സുരേന്ദ്രന് നല്‍കിയത്. ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുമെന്ന് മുതിര്‍ന്ന നേതാക്കളെല്ലാം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.