തൃശൂര്‍: കവി യൂസഫലി കേച്ചേരിക്കും നടി മഞ്ജു വാരിയര്‍ക്കും സമ്മാനവുമായി കെഎസ്ഇബി. ഇനി മുതല്‍ ട്രാന്‍സ്‌ഫോമറിലെ എബി (എയര്‍ ബ്ലാസ്റ്റ് സര്‍ക്കിള്‍ ബ്രേക്കര്‍) സ്വിച്ചുകള്‍ ഇവരുടെ പേരില്‍ അറിയപ്പെടും. എന്നാല്‍ ഇവര്‍ക്കും സ്വിച്ചുകള്‍ക്കും തമ്മില്‍ ബന്ധമില്ലെന്നും വൈദ്യുതി വകുപ്പ് പറഞ്ഞു.
കേച്ചേരി സെന്ററിലെ ട്രാന്‍സ്‌ഫോമറിലാണ് യൂസഫലി കേച്ചേരി എന്ന പേര് നല്‍കിയിരിക്കുന്നത്. ചേര്‍പ്പ് പുള്ളിലാകട്ടെ മഞ്ജു വാരിയരുടെ പേരിലാണ് ട്രാന്‍സ്‌ഫോമറിലെ എബി സ്വിച്ച്. കേച്ചേരിയില്‍ കവിയുടെ വീടിനടുത്താണ് ട്രാന്‍സ്‌ഫോമര്‍.
2015 മാര്‍ച്ച് 21 നാണ് യൂസഫലി മരിച്ചത്. അതിനുശേഷമാണ് സ്മാരകം പോലെ കെഎസ്ഇബിയുടെ ഈ ആദരം. നടിയുടെ വീടിനു തൊട്ടടുത്തായതുകൊണ്ടാണ് ട്രാന്‍സ്‌ഫോമറിന് ആ പേരു കിട്ടിയത്. പ്രശസ്തരുടെ പേരുകള്‍ ഇങ്ങനെ കൊടുക്കുന്നതിന്റെ ഗുണം ബോര്‍ഡിലെ ജീവനക്കാര്‍ക്കാണ്.
സ്ഥലം തിരിച്ചറിയാന്‍ എളുപ്പമുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ഇത്തരത്തില്‍ പ്രമുഖ വ്യക്തികളുടെയും സ്ഥലപ്പേരുകളുടെയും പേരില്‍ അറിയപ്പെടുന്ന സ്വിച്ചുകള്‍ ഒട്ടേറെയുണ്ടെന്നും ഇവര്‍ക്കും സ്വിച്ചുകള്‍ക്കും തമ്മില്‍ ബന്ധമില്ലെന്നും വൈദ്യുതി വകുപ്പ് പറഞ്ഞു.