തിരുവനന്തപുരം: മൗനം സൊല്ലിയ ആ പ്രണയ നായകന് ഇനിയില്ല. ഷോര്‍ട്ട് ഫിലിം ചലച്ചിത്ര നടനും ആല്‍ബം ഫെയിം അഭിമന്യൂ രാമാനന്ദന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ദുഃഖത്തിലാണ് ടെക് ലോകം. നിലവില്‍ യുഎസ്ടി ഗ്ലോബലിലെ ജീവനക്കാരനാണ് അഭിമന്യു.
ഇന്നലെ രാത്രി ആറ്റിങ്ങലിനടുത്തു പതിനാറാം മൈലില്‍ വച്ചുണ്ടായ റോഡ് അപകടത്തിലാണ് അഭിമന്യു മരിച്ചത്. ഐടി ജീവനക്കാരനായ താരം ഐടി പ്രമേയമാക്കിയുള്ള നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തിരുന്നു. ഇന്‍ഫോസിസിലും അതിനു മുമ്പ് ക്വസ്റ്റ് ഗ്ലോബല്‍, സണ്‍ടെക്, സെ മെന്റര്‍ എന്നീ കമ്പനികളിലെയും ജീവനക്കാരനായിരുന്നു.
‘ഒറ്റമുറി വെളിച്ചം’, ‘ഡാകിനി’ എന്നീ സിനിമകളിലും ഇപ്പോള്‍ അഭിനയിച്ചു. പ്രതിധ്വനി ഫിലിം ക്ലബ് അംഗവും ഇതുവരെയുള്ള എല്ലാ ക്വിസ് ഫിലിം ഫെസ്റ്റിവലിന്റെയും നിറ സാന്നിധ്യമായിരുന്നു അഭിമന്യു. ടെക്നോപാര്‍ക്കില്‍ ഒരുപാടു സുഹൃത്ത് വലയമുണ്ടായിരുന്ന, നിറഞ്ഞ ചിരിയുമായി എല്ലാവരോടും ഇടപെടുന്ന അഭിമന്യുവിന്റെ ആകസ്മിക വേര്‍പാടില്‍ പ്രതിധ്വനി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയാണ് പ്രതിധ്വനി.
നടി വിനിത കോശിയുമൊത്തു അഭിനയിച്ച മൗനം സൊല്ലും വാര്‍ത്തകള്‍ എന്ന ആല്‍ബം സൂപ്പര്‍ ഹിറ്റായിരുന്നു. യൂട്യൂബില്‍ ഈ വീഡിയോ ഒരു കോടി 32 ലക്ഷം പേരോളമാണ് കണ്ടത്. ഇതിന്റെ ആവേശത്തിലാണ് അഭിമന്യു ഇത്തവണ ഫിലിംഫെസ്റ്റിവലിലും സജീവമായത്. ചലച്ചിത്രോത്സവം കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണമെത്തിയത്.
ദേശിയ പാതയില്‍ ബൈക്ക് യാത്രക്കിടെ കാര്‍ ഇടിച്ചാണ് അദ്ദേഹം മരിച്ചത്. തോന്നയ്ക്കല്‍ കുമാരനാശാന് സ്മാരകത്തിന് അടുത്ത് വച്ചാണ് സംഭവം. അമിത വേഗതയില്‍ വന്ന കാര്‍ അഭിമന്യുവിന്റെ ബൈക്കില്‍ വന്നിടിക്കുകയായിരുന്നു. രാത്രി പന്ത്രണ്ടു മണിയോടെ ആണ് സംഭവം. സംഭവം നടന്നയുടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
Discussion about this post