കോട്ടയം: പരിശോധനയ്ക്കു കൊണ്ടുവന്ന പിസ്റ്റള്‍ താലൂക്ക് ഓഫീസ് വരാന്തയില്‍ വെച്ച് ഉടമയുടെ കൈയ്യിലിരുന്ന് അബദ്ധത്തില്‍ പൊട്ടി. വെടിയുണ്ടയുടെ ദിശ മാറിയതിനാല്‍ സമീപമുണ്ടായിരുന്ന ഓഫീസ് ജീവനക്കാരന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കോട്ടയത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയാണ് സംഭവം. വ്യവസായിയായ തെള്ളകം മാടപ്പാട്ട് ബോബന് തോമസിന്റെ കൈവശമിരുന്ന തോക്കാണ് അബദ്ധത്തില്‍ പൊട്ടിയത്.
തോക്ക് ലൈസന്‍സ് പുതുക്കി കിട്ടുന്നതിന് മുമ്പ് പോലീസ്, തഹസീല്‍ദാര്‍ എന്നിവരുടെ പരിശോധന ആവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടമ തോക്കുമായി താലൂക്ക് ഓഫീസില്‍ എത്തിയത്. ബോബന് തോമസ് എത്തിയ സമയത്ത് ലാന്‍ഡ് ട്രിബ്യൂണല്‍ യോഗം തഹസീല്‍ദാര്‍ പിജി രാജേന്ദ്രബാബുവിന്റെ ഓഫീസില്‍ നടക്കുകയായിരുന്നു. അതിനാല്‍ കുറച്ചുസമയം ഇദ്ദേഹം പുറത്ത് കാത്തിരുന്നു. 12.40-ന് തഹസീല്‍ദാര്‍ ഇദ്ദേഹത്തിനെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചു. സെക്ഷന്‍ ക്ലര്‍ക്ക് സിഎ അനീഷ് കുമാര്‍ ഇതിന്റെ ഫയലുമായി ബോബനൊപ്പം തഹസീല്‍ദാര്‍ ക്യാബിനിലേക്ക് വരികയായിരുന്നു.
ക്യാബിന് പുറത്തെ വരാന്തയില്‍ വെച്ച് പെട്ടെന്ന് തോക്ക് പൊട്ടുകയായിരുന്നു. വെടിയുണ്ട സമീപത്തെ തൂണിലേക്ക് ഇടിച്ച് തെറിച്ച് പുറത്തേക്ക് പോയി. ബോബനും അനീഷും നിന്നതിന്റെ എതിര്‍ദിശയിലേക്കാണ് വെടിയുണ്ട തെറിച്ചത്. ശബ്ദം കേട്ട് തഹസീല്‍ദാരും മറ്റ് ജീവനക്കാരും ഓടിയെത്തിയതിനു പിന്നാലെ അബദ്ധം പറ്റിയതാണെന്ന് ബോബന് വ്യക്തമാക്കുകയായിരുന്നു. വിവരം രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തിനെ പോകാന്‍ അനുവദിച്ചു. തോക്ക് പരിശോധിക്കാനാവില്ലെന്ന് തഹസീല്‍ദാര്‍ അറിയിച്ചു. പിന്നീട് വെടിയുണ്ടയുടെ കേയ്സ് പരിസരത്തുനിന്ന് കണ്ടെടുത്തു. താലൂക്ക് ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. ബോബന് തോമസ് ചട്ടവിരുദ്ധമായാണ് തോക്ക് കൊണ്ടുവന്നത്. പരിശോധനയ്ക്കായി കൊണ്ടുവരുമ്പോള്‍ ഉണ്ടയില്ലാതെ വേണം എത്തിക്കാന്‍. ഇതാണ് ബോബന് തോമസ് പാലിക്കാതിരുന്നത്.
ഒരു നിമിഷത്തില്‍ നടന്ന അബദ്ധത്തെ തുടര്‍ന്ന് ഇദ്ദേഹം തോക്ക് ഉപയോഗിക്കാന്‍ യോഗ്യനല്ലെന്ന റിപ്പോര്‍ട്ട് കൈമാറുമെന്ന് അധികൃതര്‍ അറിയിക്കുന്നു.
Discussion about this post