2018ൽ നടന്ന അവയവദാനവും ഇപ്പോഴുള്ള മരണവും തമ്മിൽ ബന്ധപ്പെടുത്താൻ സ്വാഭാവിക ചിന്ത അനുവദിക്കുന്നില്ല; സനൽകുമാർ ശശിധരന്റെ അവയവ കച്ചവട സംശയങ്ങളോട് ഡോ. സുൽഫി നൂഹു

തിരുവനന്തപുരം: പിതൃസഹോദരി പുത്രി സന്ധ്യയുടെ മരണത്തിന് പിന്നിൽ അവയവ കച്ചവട മാഫിയയാണെന്ന സംശയം മുന്നോട്ട് വെച്ച സംവിധായകൻ സനൽകുമാർ ശശിധരന് മറുപടി കുറിപ്പുമായി ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സുൽഫി നൂഹു. 2018ൽ സന്ധ്യ കരൾ ദാനം ചെയ്തിരുന്നെന്നും ഇത് പണം വാങ്ങിയാണ് ചെയ്തതെന്നും സനൽ കുമാർ സൂചിപ്പിച്ചിരുന്നു. എന്നാൽ 2018ൽ നടന്ന കാര്യത്തെ ചൊല്ലി ഇപ്പോഴത്തെ മരണത്തിന് പിന്നിൽ അവയവ കച്ചവടമാണെന്ന് ചിന്തിക്കാൻ സ്വാഭാവികമായും സാധിക്കുന്നില്ലെന്നും ഡോക്ടർ പറയുന്നു.

ജീവിച്ചിരിക്കുന്ന ആളിൽ നിന്നും നടന്ന അവയവദാനത്തിൽ സാമ്പത്തിക ഇടപാടുകൾ നടന്നിരിക്കുവാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. അത്തരം ഇടപാടുകളെ കുറിച്ചാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ അന്വേഷിക്കുന്നത്. അത്തരം അന്വേഷണങ്ങൾ വേണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും 2019 തന്നെ ആവശ്യപ്പെട്ടിരുന്നെന്നും ഡോ.സുൽഫി നൂഹു ഫേസ്ബുക്കിൽ കുറിച്ചു.

ഡോ. സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:

അവയവ കച്ചവടം കോവിഡ്19 നിടയിൽ
_____________________________________
പ്രസിദ്ധ സംവിധായകൻ ശ്രീ സനൽ കുമാർ ശശിധരന്റെ അടുത്ത ബന്ധുവിന്റെ മരണവും അവയവദാനവുമായിട്ട് ബന്ധപ്പെടുത്തിയുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. ശ്രീ സനൽ കുമാറിൻറെ അടുത്ത ബന്ധുവിന്റെ മരണത്തിലുള്ള ദുഃഖം മനസ്സിലാക്കുന്നു .മരണം അങ്ങനെയാണ്. പലപ്പോഴും മരണം ഉൾക്കൊള്ളുവാൻ നമുക്ക് കഴിയില്ല കടുത്ത ദുഃഖത്തിൽ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുവാനും നാം വൈകും. അപ്രതീക്ഷിതമായി മരണങ്ങളിൽ പലപ്പോഴും പലരും ഇങ്ങനെയൊക്കെ പ്രതികരിച്ചു പോകാറുണ്ട്.
2018 അവയവദാനം നടത്തിയെന്നും അതുമായി ബന്ധപ്പെട്ട എന്തോ കാര്യങ്ങൾ മൂലമാണ് ദുരൂഹസാഹചര്യത്തിൽ ബന്ധു മരിച്ചത് എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലെ,വാർത്തയിലെ ചുരുക്കം.
2018 നടന്ന അവയവദാനത്തിൽ അതായത് ജീവിച്ചിരിക്കുന്ന ആളിൽ നിന്നും നടന്ന അവയവദാനത്തിൽ സാമ്പത്തിക ഇടപാടുകൾ നടന്നിരിക്കുവാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.
അത്തരം ഇടപാടുകളെ കുറിച്ചാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ അന്വേഷിക്കുന്നത്. അത്തരം അന്വേഷണങ്ങൾ വേണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും 2019 തന്നെ ആവശ്യപ്പെട്ടിരുന്നു.
പക്ഷേ ഇവിടെ മറ്റ് ചില കാര്യങ്ങളാണ് വ്യക്തമാക്കേണ്ടത്. രോഗിയെ അപസ്മാരം അല്ലെങ്കിൽ സീഷർ ബാധിച്ച അവസ്ഥയിലാണ് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിൽ എത്തിക്കുന്നത്
അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ ജീവൻ രക്ഷിക്കുവാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല
സ്വാഭാവികമായും മരണകാരണം വ്യക്തമായി കണ്ടുപിടിക്കാൻ കഴിയാതിരുന്നതിനാൽ പോലീസിൽ റിപ്പോർട്ട് ചെയ്യുകയും, പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്യാൻ കൊണ്ടു പോവുകയും ചെയ്തു. മരണത്തിൽ ദുരൂഹതയുള്ള സാഹചര്യങ്ങളിൽ പ്രത്യേകിച്ച് ഒരു സ്ത്രീയുടെ മരണം ഒരു ഫോറൻസിക് സർജൻ തന്നെ പോസ്റ്റുമോർട്ടം ചെയ്യുന്നതാണ് ഉചിതമെന്ന പോലീസ് നിലപാട് ശരിയായിരുന്നുവെന്ന് വേണം പറയാൻ.
രോഗി അത്യാഹിതവിഭാഗത്തിൽ എത്തുമ്പോൾ രക്തത്തിലെ ഷുഗറിന്റെ അളവ് അല്പം മുകളിൽ ആയിരുന്നു . കൂടാതെ സീഷർ രോഗവും . മരണശേഷം അവിടെ ചെയ്ത ആൻറിജൻ ടെസ്റ്റിൽ കൊവിഡ്19 നെഗറ്റീവ് ആയിരുന്നു.
ആർട്ടി പിസിആർ ചെയ്യുവാൻ സാമ്പിൾ ലാബിലേക്ക് അയയ്ക്കുകയും ചെയ്തു. അതിൻറെ റിസൾട്ട് വരേണ്ടതയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടതിന് മുൻപുള്ള ഇൻക്വസ്റ്റ് തയ്യാറാക്കുമ്പോൾ പോലീസ് മാത്രമാണ് ഉണ്ടായിരിക്കേണ്ടത് . അവിടെ ഡോക്ടർ ഉണ്ടായിരിക്കേണ്ട കാര്യമില്ല അങ്ങനെ ഒരു ആരോപണം അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പോസ്റ്റിൽ കണ്ടു.
ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. സ്വാഭാവികമായും ഇൻക്വസ്റ്റ്‌ലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും അവ രേഖപ്പെടുത്തും. സീഷർ ബാധിച്ച ഒരു രോഗിക്ക് ശരീരത്തിൽ മുറിവുകൾ ഉണ്ടാകാം എന്നുള്ള വസ്തുത മറക്കുന്നില്ല.
ആൻറിജൻ ടെസ്റ്റ് നെഗറ്റീവ് ആയ പലർക്കും ആർ ടി സി ആർ ടെസ്റ്റ് പോസിറ്റീവ് ആകാറുണ്ട് . സ്വാഭാവികമായ ഈ ഒരു കാര്യവും ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണത്തിൽലുണ്ട്
പ്രസ്തുത രോഗിക്ക് മുൻപ് കോവിഡ്19 ബാധിച്ചിരുന്നതായും പിന്നീട് അത് നെഗറ്റീവ് ആയതായി മാധ്യമങ്ങളുടെ റിപ്പോർട്ടിലൂടെ മനസ്സിലാക്കി. അപ്പോൾ 2018 നടന്ന അവയവദാനവും ഇപ്പോഴുള്ള മരണവും തമ്മിൽ ബന്ധപ്പെടുത്താൻ സ്വാഭാവിക ചിന്ത അനുവദിക്കുന്നില്ല. ഒരു കാര്യം ഒന്നുകൂടി വ്യക്തമാക്കുന്നു. മസ്തിഷ്‌ക മരണാനന്തരമുള്ള അവയവദാനം മാത്രമാണ് ശക്തമായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും. ജീവിച്ചിരിക്കുന്ന ആൾക്കാരുടെ അവയവദാനം തീർച്ചയായും കച്ചവട താൽപര്യങ്ങളിൽ പെട്ടു പോകും പക്ഷേ ഇവിടെ ഈ മരണവുമായി അതിനുള്ള ബന്ധം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഇത്തരം ബന്ധങ്ങൾ ജോസഫ് പോലെയുള്ള സിനിമകളിലും നോവലുകളിലും മാത്രം കാണുന്നതെന്നാണ് അനുഭവം.എന്തായാലും ഇത്തരം കാര്യങ്ങൾ അവയവദാനം കാത്തു കഴിയുന്ന പതിനായിരക്കണക്കിന് ആൾക്കാരുടെ ജീവൻ വച്ച് പന്താടി പോകുന്നത രീതിയിൽ ആകരുതെന്ന് നിർബന്ധമുണ്ട്.
ഡോ സുൽഫി നൂഹു

Exit mobile version