തിരുവനന്തപുരം: പ്രശസ്ത വോഗ് മാഗസിൻ വിമൺ ഓഫ് ദ ഇയർ 2020 സീരീസിലേക്ക് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ തെരഞ്ഞെടുത്തതിന് പിന്നാലെ ആശംസകളുമായി എത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ. എന്നാൽ എന്തിന്റെ പേരിലാണ് കെകെ ശൈലജ ടീച്ചർക്ക് ഈ അനുമോദനമെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ.
ഒരു സ്ത്രീക്ക് ലഭിക്കുന്ന അംഗീകാരത്തിൽ അവരെ അനുമോദിക്കുന്നതിന് രാഷ്ട്രീയ കാരണങ്ങൾ തടസമാകരുത് എന്ന് വിശ്വസിക്കുന്ന ഒരു എളിയ പൊതുപ്രവർത്തകയാണ് താനെന്നും എന്നാൽ ലഭിക്കുന്ന പുരസ്ക്കാരം രാഷ്ട്രീയ കാരണങ്ങളാൽ ആണെങ്കിൽ അതിന്റെ വസ്തുത മനസ്സിലാക്കിയിരിക്കണമെന്നുള്ള അടിസ്ഥാന യുക്തിഭദ്രതയാണ് ഈ ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിക്കുന്നു.
തുടർന്ന് ഇന്നും 3593 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ആയതിനാലോ? അതോ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു ആംബുലൻസിൽ തടയാമായിരുന്ന ഒരു ലൈംഗീക അതിക്രമത്തിൽ പാലിച്ച നിഷ്ക്രിയത്വത്തിനോ തുടങ്ങിയ ചോദ്യങ്ങളാണ് ശോഭ സുരേന്ദ്രൻ ഉന്നയിക്കുന്നത്.
അതേസമയം, ‘വോഗ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ’ സീരിസിൽ കെകെ ശൈലജ ടീച്ചറെ തെരഞ്ഞെടുത്തതിന് പിന്നാലെ മന്ത്രിയുടെ ചിത്രം നടൻ ഫഹദ് ഫാസിൽ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ക് ആക്കിയിരുന്നു. കൂടാതെ, നിരവധി പേർ വോഗിന്റെ കവർ പേജ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുമുണ്ട്. ഫഹദിനെ കൂടാതെ നസ്രിയ നസീം, റിമ കല്ലിങ്കൽ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രം പങ്കുവെച്ച് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്.
ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്:
രു സ്ത്രീക്ക് ലഭിക്കുന്ന അംഗീകാരത്തിൽ അവരെ അനുമോദിക്കുന്നതിന് രാഷ്ട്രീയ കാരണങ്ങൾ തടസമാകരുത് എന്ന് വിശ്വസിക്കുന്ന ഒരു എളിയ പൊതുപ്രവർത്തകയാണ് ഞാൻ. എന്നാൽ ലഭിക്കുന്ന പുരസ്ക്കാരം രാഷ്ട്രീയ കാരണങ്ങളാൽ ആണെങ്കിൽ അതിന്റെ വസ്തുത മനസ്സിലാക്കിയിരിക്കണമെന്നുള്ള അടിസ്ഥാന യുക്തിഭദ്രതയാണ് ഈ ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിക്കുന്നത്. മന്ത്രി കെ കെ ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് ഈ അനുമോദനം? ഇന്നും 3593 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ആയതിനാലോ? അതോ തന്റെ അധികാരപരിധിയിൽ, സർക്കാർ നിയന്ത്രണത്തിലുള്ള ഒരു ആംബുലൻസിൽ തടയാമായിരുന്ന ഒരു ലൈംഗീക അതിക്രമത്തിൽ പാലിച്ച നിഷ്ക്രിയത്വത്തിനോ? അതോ സ്വന്തം മണ്ഡലത്തിൽ ചികിത്സ കിട്ടാതെ രോഗികൾ മരിക്കുന്നത് നോക്കി നിന്നതിനോ? ചികിത്സ തേടിയെത്തിയ രോഗിയെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയതിനോ? രാജാവിന് പ്രാണഭയം ഉണ്ടാകുമ്പോൾ സ്ത്രീകളെ പടയ്ക്ക് മുന്നിൽ നിർത്തുന്ന കഥകൾ കേട്ടിട്ടുണ്ട്. സ്ത്രീകളെ ഉപദ്രവിക്കില്ല എന്ന യുദ്ധപ്രമാണം ശത്രുപക്ഷം പാലിക്കും എന്ന വിശ്വാസമാണ് ആ നീക്കത്തിന് പിന്നിൽ. കള്ളക്കടത്തിനും തട്ടിപ്പിനും കൂട്ടുനിൽക്കുന്ന സർക്കാരിനെ പ്രതിരോധിക്കാൻ 81824 ആക്റ്റീവ് കൊറോണ കേസുള്ള ഒരു സംസ്ഥാനത്തിന്റെ വനിതാ ആരോഗ്യമന്ത്രിക്ക് നിൽക്കേണ്ടി വരുന്നതിന്റെയത്ര സ്ത്രീവിരുദ്ധത മറ്റെന്തുണ്ട്?
Discussion about this post