കോഴിക്കോട്: കാസർകോട് ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് തട്ടിപ്പു കേസിൽ അറസ്റ്റിലായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ രാജിവെക്കേണ്ട കാര്യമില്ലെന്ന് മുസ്ലിം ലീഗ്. നടന്നത് നിക്ഷേപ തട്ടിപ്പല്ലെന്നും ബിസിനസ്സ് പൊളിഞ്ഞതാണെന്നും അക്കാര്യത്തിന് അറസ്റ്റ് ചെയ്യുന്നത് അന്യായമാണെന്നും മുസ്ലിം ലീഗ് വിശദീകരിച്ചു. കമറുദ്ദീനെതിരായ അറസ്റ്റ് അസാധാരണമായ നടപടിയെന്നും ലീഗ് ഉന്നതാധികാര സമിതിക്ക് ശേഷം മാധ്യമങ്ങളോട് ലീഗ് നേതാക്കൾ പ്രതികരിച്ചു. കമറുദ്ദീൻ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും സർക്കാറിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും മുസ്ലിം ലീഗ് വ്യക്തമാക്കി.
നിക്ഷേപകർക്ക് പണം തിരികെ കിട്ടുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുസ്ലിം ലീഗ് യോഗത്തിന് ശേഷം പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നിക്ഷേപകർക്ക് പണ കൊടുക്കാനുള്ളത് നിസ്സാരമായി കാണില്ല. അത് കൊടുത്ത് തീർക്കുക തന്നെ വേണം. ഈ കേസ് പാർട്ടിയുടെ ചർച്ചയ്ക്കെത്തിയപ്പോൾ നിശ്ചിത സമയത്തിനുള്ളിൽ മുഴുവൻ നിക്ഷേപകരുടേയും പണം തിരിച്ചുനൽകണമെന്നാണ് പാർട്ടി സ്വീകരിച്ച നിലപാട്. ഇന്ന് ചേർന്ന യോഗത്തിലും സമാനമായ നിലപാടാണ് ആവർത്തിച്ചത്. ഏത് ബിസിനസ്സ് തകർന്നാലും അതിൽ ന്യായമായി എടുക്കാവുന്ന തീരുമാനം പണം നിശ്ചിതസമയത്തിനുള്ളിൽ തിരിച്ചുനൽകാം എന്നാണ്. ഫാഷൻ ഗോൾഡിന്റെ കാര്യത്തിലും ഈ നിലപാടാണ് എടുത്തത്. അക്കാര്യത്തിൽ സംശയമൊന്നും ഇല്ലെന്നും പികെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
ഇല്ലാത്ത വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിനെതിരായ ആരോപണത്തിൽ അന്വേഷണം പോലും പൂർത്തിയായിട്ടില്ല. അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ കളികളാണ്. നടപടി സർക്കാരിനെതിരായ വിവാദങ്ങൾ ബാലൻസ് ചെയ്യാൻ വേണ്ടിയാണ്. ബിസിനസ് പൊളിഞ്ഞ് കടക്കാരനാകുന്നതുമായി ഒരുപാട് ആളുകളുണ്ട് അവരെ ഇത്തരത്തിൽ അറസ്റ്റ് ചെയ്യുമോ എന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ഇതുവരെയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post