കൊല്ലം: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീനെ ന്യായീകരിച്ചും പിന്തുണച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് രമേശ് ചെന്നിത്തല ന്യായീകരണവുമായി രംഗത്തെത്തിയത്. ഖമറുദ്ദീന് അഴിമതി നടത്തിയിട്ടില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ഖമറുദ്ദീന് ബിസിനസ് നടത്തി പൊളിഞ്ഞതാണെന്നും ചെന്നിത്തല വാദിക്കുന്നു. ‘എംസി ഖമറുദ്ദീന് അഴിമതി നടത്തിയിട്ടില്ല. എംഎല്‍എ ഇടപെട്ട ബിസിനസ് പൊളിഞ്ഞതാണ്. നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കണം,’ രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിക്കും കൊളളക്കും കൂട്ടുനില്‍ക്കുന്ന പാര്‍ട്ടി കേന്ദ്ര ഏജന്‍സികള്‍ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം, ഖമറുദ്ദീനെതിരായ കേസ് ലീഗ് തീരുമാനിക്കുമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെയെന്നും സര്‍ക്കാര്‍ കള്ളക്കേസെടുത്തിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഇതോടൊപ്പം സംസ്ഥാന സര്‍ക്കാരിനെയും ചെന്നിത്തല വിമര്‍ശിക്കുന്നുണ്ട്.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുകേസില്‍ എംസി ഖമറുദ്ദീന് എംഎല്‍എയെ ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) അറസ്റ്റുചെയ്തത്. ചന്തേര പോലീസ് സ്റ്റേഷനിലെ മൂന്നുകേസുകളിലാണ് നിലവില്‍ അറസ്റ്റ്. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ എംഎല്‍എ എംസി ഖമറുദ്ദീന് രണ്ടാം പ്രതിയാണ്. ജ്വല്ലറി മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങളാണ് കേസിലെ ഒന്നാം പ്രതിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ട് പ്രതികള്‍ക്കും കേസില്‍ തുല്യപങ്കാളിത്തമാണുള്ളതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
വഞ്ചനാക്കുറ്റത്തിന് ഐപിസി 420 പ്രകാരവും വിശ്വാസവഞ്ചനയ്ക്ക് ഐപിസി 406 പ്രകാരവും പൊതുപ്രവര്‍ത്തകനെന്ന ജനസമ്മിതി ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയതിന് 409 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നത് പ്രകാരവും ഖമറുദ്ദീനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post