കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എംസി കമറുദ്ദീന്‍ അറസ്റ്റില്‍. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 109 വഞ്ചനാ കേസുകളില്‍ പ്രതിയാണ് കമറുദ്ദീന്‍. എന്നാല്‍ ചന്തേര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളില്‍ മാത്രമാണ് ഇപ്പോള്‍ കമറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 420,34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. താമസിയാതെ ഖമറുദ്ദീനെ കൊവിഡ് പരിശോധനയ്ക്കായി കൊണ്ടുപോകും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും
ഫാഷന്‍ ഗോള്‍ഡ് എം.ഡി. പൂക്കോയ തങ്ങളിനേയും വിളിച്ചുവരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അറസ്റ്റും ഉടന്‍ ഉണ്ടായേക്കും. ഇതോടെ കേസിലെ പ്രധാനപ്പെട്ട രണ്ടുപേര്‍ അറസ്റ്റിലാവുകയാണ്.ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തില്‍ വച്ച് രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്ലിനൊടുവിലാണ് കമറുദീനെ അറസ്റ്റ് ചെയ്തത്. 15 കോടിയുടെ തട്ടിപ്പ് നടന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. എഎസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 109 വഞ്ചനാ കേസുകളില്‍ പ്രതിയാണ് കമറുദ്ദീന്‍.
800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. അന്വേഷകസംഘം ഇതിനകം 80 പേരില്‍നിന്ന് മൊഴിയെടുത്തിരുന്നു. നിക്ഷേപകരുടെ പരാതി പരിഹരിക്കാന്‍ ലീഗ് നിയോഗിച്ച മധ്യസ്ഥന്‍ കല്ലട്ര മാഹിന്‍ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജ്വല്ലറിയുടെ ആസ്തികള്‍ സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. നേരത്തെ ജ്വല്ലറി എംഡി പൂക്കോയ തങ്ങളേ 9 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് എംഎല്‍എയേയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം എത്തിയത്.