തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളിലെ റെയ്ഡില്‍ ഇതുവെര പതിമൂന്ന് കോടിയുടെ കള്ളപ്പണം കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ്. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വന്‍തോതില്‍ വിദേശ സഹായം കൈപ്പറ്റി വകമാറ്റിയതായി കണ്ടെത്തിയതോടെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന തുടരാന്‍ തന്നെയാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
ബുധനാഴ്ച മുതലാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് അടക്കം സംസ്ഥാനത്തെ 40ല്‍ അധികം കേന്ദ്രങ്ങളില്‍ തുടരുന്ന പരിശോധനയില്‍ നിര്‍ണായക വിവരങ്ങളാണ് ആദായ നികുതി വകുപ്പിന് ലഭിച്ചിരിക്കുന്നത്. ബിഷപ്പ് കെപി യോഹന്നാനുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്ന പണമിടപാടുകളും നികുതി വെട്ടിപ്പുകളും അടിസ്ഥാനമാക്കി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് വിവരം.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലിവേഴ്‌സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സഭയുടെ മറവില്‍ നടന്ന വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഈ തുക വകമാറ്റി വിനിയോഗിച്ചതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ നടന്ന പരിശോധനയും രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്.
അതേസമയം ചില സാമ്പത്തിക ഇടപാടുകളുടെ രേഖകളിലെ വിവരങ്ങള്‍ അനുസരിച്ച് സഭക്ക് പുറത്തേക്കും പരിശോധന നീളുമെന്ന സൂചനകളാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലും ആദായ നികുതി വകുപ്പ് ബിലീവേഴ്‌സ് സ്ഥാപനങ്ങളില്‍ പരിശോധന തുടരും. വിവിധ സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. അതേസമയം വരും ദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്ര ഏജന്‍സികളും ഇതിന്റെ ഭാഗമാകുമെന്നാണ് സൂചന.