യുവതികള്‍ പ്രവേശിച്ചാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നശിക്കുമെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ അയ്യപ്പനെയാണ് അപമാനിക്കുന്നത്; മല്ലികാ സാരാഭായി

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നശിക്കുമെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ അയ്യപ്പനെയാണ് അപമാനിക്കുന്നതെന്നും ദൈവത്തെ സംരക്ഷിക്കാന്‍ മാത്രം ശക്തരായി സ്വയം കരുതുംവിധം ആളുകള്‍ അഹങ്കാരികളായി മാറുന്നത് സമൂഹത്തിന് തന്നെ ആപത്താണെന്നും മല്ലിക സാരാഭായി പറഞ്ഞു

തിരുവനന്തപുരം: എല്ലാവിധത്തിലും രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിലാണ് ഇപ്പോള്‍ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സമരപ്രഹസനം നടക്കുന്നതെന്ന് നര്‍ത്തകിയും അഭിനേത്രിയും അവകാശപ്രവര്‍ത്തകയുമായ മല്ലികാ സാരാഭായി. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നശിക്കുമെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ അയ്യപ്പനെയാണ് അപമാനിക്കുന്നതെന്നും ദൈവത്തെ സംരക്ഷിക്കാന്‍ മാത്രം ശക്തരായി സ്വയം കരുതുംവിധം ആളുകള്‍ അഹങ്കാരികളായി മാറുന്നത് സമൂഹത്തിന് തന്നെ ആപത്താണെന്നും മല്ലിക സാരാഭായി പറഞ്ഞു.ദേശാഭിമാനി വാരന്തപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലികാ സാരാഭായിയുടെ വിമര്‍ശനം.

മാറ്റേണ്ട ആചാരങ്ങള്‍ മാറ്റുക തന്നെ വേണം. ഒരു കാലത്തെ നൂതന ആശയങ്ങളാണ് പില്‍ക്കാലങ്ങളില്‍ കീഴ്വഴക്കങ്ങളും ആചാരങ്ങളുമായി മാറിയത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മനുഷ്യാവകാശം പോലും നില നിന്നിരുന്നില്ല. ഇന്ന് ലിംഗ നീതി ചര്‍ച്ച ചെയ്യുന്ന പുതുതലമുറ നൂറ്റാണ്ടുകള്‍ മുമ്പുണ്ടായിരുന്ന സമ്പ്രദായങ്ങള്‍ ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമാണോ എന്ന് കൂടി പരിശോധിക്കണം. 90 ശതമാനം ആളുകളും ഇന്ന് മാറ്റത്തെ ഭയക്കുകയാണ്. മാറ്റങ്ങള്‍ സ്വന്തം വീട്ടില്‍ നിന്ന് തുടങ്ങണമെന്നും സാരാഭായി പറഞ്ഞു.

പുതിയ ജീവനെ സൃഷ്ടിക്കാന്‍ കഴിവുള്ള സ്ത്രീയെ അശുദ്ധയായി ചിത്രീകരിക്കുകയാണ്. ആര്‍ത്തവമുള്ളവര്‍ അശുദ്ധരാണെന്ന് ഏത് മതഗ്രന്ഥമാണ് പറയുന്നത്. ജീവന്‍ രക്ഷിക്കാന്‍ സഹായകരമായ സ്റ്റെം സെല്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ആര്‍ത്തവ രക്തം സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ കാന്‍സര്‍ ചികിത്സയ്ക്കായി സര്‍ക്കാര്‍ നേരിട്ട് ശേഖരിക്കുന്നുണ്ടെന്നും മല്ലിക സാരാഭായി പറഞ്ഞു.

Exit mobile version