മറയൂര്‍: മറയൂര്‍ ചന്ദനവിത്തിന് റെക്കോര്‍ഡ് വില. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം വിലയാണ് ഇത്തവണ ചന്ദന വിത്തിന് ലഭിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 710 രൂപ ആയിരുന്നു വില. എന്നാല്‍ ഇത്തവണ 1500 രൂപക്കാണ് വില്‍പന നടക്കുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ ചന്ദന മരങ്ങളേക്കാള്‍ മറയൂരിലെ ചന്ദനത്തിന് ഗുണമേന്മ കണക്കാക്കുന്നതിനാലാണ് വിത്തിന് മികച്ച വില ലഭിക്കുന്നത്.
മുന്‍ കാലങ്ങളില്‍ വന സംരക്ഷണ സമിതികള്‍ വഴി ശേഖരിക്കുന്ന വിത്ത് നേരിട്ട് വില്‍പന നടത്തുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ശുദ്ധീകരിച്ച് വൃത്തിയാക്കിയാണ് വില്‍പന നടത്തുന്നത്.
വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് വിത്ത് ശേഖരണം. മറയൂര്‍ റേഞ്ചിന്റെ കീഴില്‍ ഏറ്റവുമധികം ചന്ദനമരങ്ങളുള്ള നാച്ചിവയല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് വിത്തുകള്‍ ശേഖരിക്കുന്നത്. വനവികസന സമിതിയുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടില്‍ തുക അടച്ച് അപേക്ഷ നല്‍കിയാല്‍ ആര്‍ക്കും വിത്ത് ലഭിക്കും.