തിരുവല്ല: ബിലിവേഴ്‌സ് ചര്‍ച്ചിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന ഇന്നും തുടരും. സഭയുടെ കീഴില്‍ വിദേശ ഫണ്ട് സ്വീകരിച്ചതിലും നികുതി രേഖകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുമാണ് പരിശോധന നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡ് തുടരുന്നതിനാല്‍ കനത്ത സുരക്ഷ വേണമെന്നാണ് പോലീസിനോട് ഇടി ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബിലീവേഴ്സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കാറിന്റെ ഡിക്കിയില്‍ നിന്നും 55 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. തിരുവല്ലയിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകനും ബിഷപ്പുമായ കെപി യോഹന്നാന്റെ അടുത്ത സഹായിയുടെ വാഹനത്തില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.
അതേസമയം തിരുവല്ലയിലെ ബിലിവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് അടക്കം സംസ്ഥാനത്തെ 40ല്‍ അധികം കേന്ദ്രങ്ങളില്‍ തുടരുന്ന പരിശോധനയില്‍ നിര്‍ണായക വിവരങ്ങളാണ് ആദായ നികുതി വകുപ്പിന് ലഭിച്ചിരിക്കുന്നത്. ബിഷപ്പ് കെപി യോഹന്നാനുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്ന പണമിടപാടുകളും നികുതി വെട്ടിപ്പുകളും അടിസ്ഥാനമാക്കി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് വിവരം.
ഇന്നലെ രാവിലെ ഏഴ് മണിയോടെ ആരംഭിച്ച റെയ്ഡ് രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. ചില സാമ്പത്തിക ഇടപാടുകളുടെ രേഖകളിലെ വിവരങ്ങള്‍ അനുസരിച്ച് സഭക്ക് പുറത്തേക്കും പരിശേധന നീളുമെന്ന സൂചനകളാണ് ലഭിക്കുന്നത്. അതേസമയം റെയ്ഡിനോട് തങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും അത് പൂര്‍ത്തിയാകുന്ന മുറക്ക് മറ്റ് കാര്യങ്ങളില്‍ പ്രതികരിക്കാമെന്നുമാണ് ബിലീവേഴ്‌സ് സഭാ നേതൃത്വം നല്‍കുന്ന വിശദീകരണം.