കൊച്ചി: ജീവിതത്തിന്റെ കയ്പു നിറഞ്ഞ ദിവസങ്ങളില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയ ചോറ്റാനിക്കരയമ്മയോടുള്ള നന്ദി സൂചകമായി ക്ഷേത്രത്തിന് 500 കോടി രൂപ നല്കാമെന്ന വാഗ്ദാനവുമായി സ്വര്‍ണ വ്യാപാരി. ബംഗളൂരു സ്വദേശിയും സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയുമായ ഗണശ്രാവനാണ് ക്ഷേത്രത്തിന് കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്തത്.
വ്യാവസായ ഗ്രൂപ്പില്‍ നിന്ന് ലഭിച്ച ഓഫര്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം. ഈ പണത്തില്‍ നിന്നും 300 കോടി ക്ഷേത്ര വികസനത്തിനും 200 കോടി ക്ഷേത്ര നഗരിയുടെ വികസനത്തിനുമായാണ് വിനിയോഗിക്കുക.
സാമ്പത്തികമായി തകര്‍ന്ന് ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയ സമയം കൈപിടിച്ച് ഉയര്‍ത്തിയത് ചോറ്റാനിക്കര അമ്മയാണെന്നാണ് ഗണശ്രാവന്‍ പറയുന്നത്. 2016 വരെ ദുരിത കാലമായിരുന്നു. അതില്‍ നിന്നും കരകയറ്റിയതിനുള്ള നന്ദിയായാണ് ചോറ്റാനിക്കരയിലെ ക്ഷേത്രനഗരം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ 500 കോടി രൂപ സമര്‍പ്പിക്കുന്നതിന് പിന്നില്‍.
കഴിഞ്ഞ വര്‍ഷത്തെ നവരാത്രി ഉത്സവവേളയില്‍ ആണ് ക്ഷേത്ര പുനരുദ്ധാരണത്തിന് തുക നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ ഒരു ഗുരുവാണ് ചോറ്റാനിക്കരയില്‍ പോവാന്‍ പറഞ്ഞത്. അതോടെ എല്ലാ പൗര്‍ണമിക്കും അമാവാസിക്കും മുടങ്ങാതെ ചോറ്റാനിക്കരയില്‍ ദര്‍ശനത്തിന് എത്തി.
ലോകം മുഴുവനുമുള്ള ഭക്തര്‍ ഇവിടേക്ക് എത്തിച്ചേരണം എന്നും, അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യമെന്നും ഗണശ്രാവണ്‍ പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ, വജ്ര കയറ്റുമതി സ്ഥാപനമാണ് സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ്.500 കോടി രൂപ വാഗ്ദാനം ചെയ്ത് എത്തിയയപ്പോള്‍ ക്ഷേത്രം അധികൃതര്‍ ഇത് ദേവസ്വം ബോര്‍ഡിന് കൈമാറുകയായിരുന്നു.
ദേവസ്വം ബോര്‍ഡ് ഇക്കാര്യം സര്‍ക്കാരുമായി ചര്ച്ച ചെയ്തു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷം പദ്ധതിയുമായി മുന്‍പോട്ട് പോവാനാണ് തീരുമാനം.