ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകൾ; മാവോയിസ്റ്റായി പോയാൽ മരിച്ചു വീഴേണ്ടവരാണ് എന്ന നിലപാട് സർക്കാരിനില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ആരെങ്കിലും മാവോയിസ്റ്റായി പോയെന്ന് കരുതി മരിച്ചുവീഴേണ്ടവരാണെന്ന നിലപാട് സർക്കാരിനില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റായ വേൽമുരുകൻ കൊല്ലപ്പെട്ട സംഭവത്തോട് പ്രതികരിക്കവെയാണ് മുക്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ആത്മരക്ഷാർഥമാണ് പോലീസ് തിരിച്ചു വെടിവെച്ചതെന്നും ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകളാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മരിച്ച മാവോയിസ്റ്റ് 303 റൈഫിൾ കൈവശം വെച്ചിരുന്നു. മുണ്ടായിരുന്നു. ആയുധ ധാരികളായ അഞ്ചിലധികം പേരാണ് മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത്. ഏതെങ്കിലും തരത്തിൽ ആളെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയല്ല ഏറ്റുമുട്ടൽ സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റുകാര്യങ്ങൾ വിശദമായി അന്വേഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുൻകരുതൽ നടപടികൾ സ്വീകരിച്ചതിനാൽ പോലീസിന്റെ ഭാഗത്ത് ആൾനാശമോ പരിക്കോ ഉണ്ടായിട്ടില്ല. മാവോയിസ്റ്റ് പ്രവർത്തനങ്ങളെ കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ വടക്കൻ ജില്ലകളിൽ പോലീസിന്റെ നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ മീൻമുട്ടിൽ ചൊവ്വാഴ്ച രാവിലെ നീരീക്ഷണം നടത്തിവന്ന തണ്ടർബോൾട്ട് സംഘത്തിന് നേരെയാണ് മാവോയിസ്റ്റ് സംഘത്തിന്റെ ആക്രമണമുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അൽപ്പനേരം മാത്രം നീണ്ടുനിന്ന ഏറ്റുമുട്ടലിന് ശേഷം അഞ്ചംഗ സംഘം രക്ഷപ്പെട്ടു. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് യൂണിഫോം ധാരിയായ ഒരാൾ മരിച്ച് കിടക്കുന്നത് കാണുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Exit mobile version