കൊച്ചി: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായ ഗ്രൂപ്പ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിന് വാഗ്ദാനം ചെയ്തത് 500 കോടി രൂപ. ഈ തുക സ്വീകരിക്കുന്നത് സംബന്ധിച്ച് വ്യക്തത തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കൊച്ചി ദേവസ്വം ബോർഡ്. 500 കോടി വാഗ്ദാനം ചെയ്ത് ഭക്തൻ എത്തിയപ്പോൾ ഇത് ദേവസ്വം ബോർഡിന് കൈമാറുകയായിരുന്നെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.
പണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് സർക്കാരുമായി ചർച്ച നടത്തിയിരുന്നു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷം പദ്ധതികളുമായി മുന്നോട്ടുപോകാനാണ് ദേവസ്വം ബോർഡിന്റെ നിലവിലെ തീരുമാനം. ആദ്യഘട്ടത്തിൽ രണ്ട് ഗോപുരങ്ങളുടെ നിർമ്മാണം, പൂരപ്പറമ്പ് നവീകരണം, സോളാർ പാനലുകൾ സ്ഥാപിക്കൽ, അന്നദാനമണ്ഡപം, സദ്യാലയം, കല്ല്യാണമണ്ഡപം എന്നിവയുടെ നിർമ്മാണം, നവരാത്രി മണ്ഡപത്തിന്റെ നവീകരണം തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനായി 254 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ടത്തിൽ ക്ഷേത്രത്തിന് ചുറ്റുമുള്ള റിങ് റോഡ്, മാലിന്യപ്ലാന്റ് നിർമാണം, ഇതിനായുള്ള സ്ഥലമേറ്റെടുപ്പ് തുടങ്ങിയവ പ്രവർത്തനങ്ങൾക്കായി 272 കോടി രൂപയും ആവശ്യമായി വരുമെന്ന് കൊച്ചി ദേവസ്വം ബോർഡംഗം എംകെ ശിവരാജൻ പ്രതികരിച്ചു.
വാഗ്ദാനവുമായി വന്ന കമ്പനിയുടെ വിശ്വാസ്യത ഉറപ്പാക്കിയിട്ടുണ്ട്. പണമിടപാടുകളെല്ലാം ബാങ്ക് വഴി മാത്രമായിരിക്കും. വിവാദങ്ങൾക്ക് ഇടകൊടുക്കാതെ സുതാര്യമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമം. ഹൈക്കോടതിയുടെ അനുമതി ലഭിച്ച ശേഷം മാത്രമാകും തുടർനടപടികളെന്നും അദ്ദേഹം പറഞ്ഞു.
20 ലക്ഷത്തിനു മുകളിലുള്ള പദ്ധതികൾക്ക് ഇത്തരത്തിൽ അനുമതി വാങ്ങാറുണ്ട്. ഇത്ര വലിയ തുകയാകുമ്പോൾ അപേക്ഷ സമർപ്പിക്കാൻ കൂടുതൽ വിശദാംശങ്ങൾ ആവശ്യമാണ്. ഇത് ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണം സ്വീകരിക്കുന്നതും പദ്ധതികൾ നടപ്പാക്കുന്നതും സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്ന് അനുമതി തേടാൻ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം അഡ്വക്കേറ്റ് കെപി സുധീർ പറഞ്ഞു. വിശദാംശങ്ങൾ ലഭിക്കുന്നതനുസരിച്ച് തുടർനടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.