തിരുവനന്തപുരം: എല്ലാ വിഭാഗം തൊഴിലാളികളെയും സാമൂഹ്യസംരക്ഷണവലയത്തില്‍ കൊണ്ടുവരുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടിപി രാമകൃഷ്ണന്‍. സംസ്ഥാനത്തെ പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനി ഏജന്റുമാര്‍ക്ക് അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാപദ്ധതിയില്‍ അംഗത്വം നല്‍കുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ഈ നടപടികളുടെ ഭാഗമായാണ് ഇന്‍ഷ്വറന്‍സ് ഏജന്റുമാര്‍ക്കും അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാപദ്ധതിയില്‍ അംഗത്വം നല്‍കുന്നത്. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ നിയമത്തിലെ അനുബന്ധം-2 ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആക്റ്റുകളുടെ പരിധിയില്‍ വരാത്തതും മറ്റ് ക്ഷേമനിധികളില്‍ അംഗമല്ലാത്തവരുമായ പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനി ഏജന്റുമാര്‍ക്കാണ് ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി അംഗത്വം നേടാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കിയിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിലാളികള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിലും തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിലും രാജ്യത്തിന് മാതൃകയാണ് കേരളം. രാജ്യത്ത് മറ്റെങ്ങുമില്ലാത്ത വിധം വിപുലമായ സാമൂഹ്യസുരക്ഷാവലയം കേരളത്തിലെ തൊഴിലാളികള്‍ക്കുണ്ട്. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ അടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ ഇക്കാലത്ത് നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധിസാഹചര്യത്തില്‍ തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തേണ്ടത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഉത്തരവാദിത്വമായി സംസ്ഥാന സര്‍ക്കാര്‍ കാണുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഇപ്പോഴത്തെ ഗവണ്‍മെന്റ് അധികാരമേറ്റശേഷം ക്ഷേമനിധികളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുകയും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള 16 ക്ഷേമനിധികളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ എണ്ണം 80.07 ലക്ഷമായി വര്‍ധിച്ചു. മുന്‍ സര്‍ക്കാരിന്റെ ഭരണകാലത്തേക്കാള്‍ 11 ലക്ഷത്തോളം അംഗങ്ങളുടെ വര്‍ധനവാണ് ഉണ്ടായത്. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ 4,83,000 ത്തോളം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏഴ് മാസത്തിനിടയില്‍ അമ്പതിനായിരത്തോളം തൊഴിലാളികള്‍ പുതിയതായി അംഗങ്ങളായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗവണ്‍മെന്റ് അധികാരമേല്‍ക്കുമ്പോള്‍ 600 രൂപമാത്രമായിരുന്ന പ്രതിമാസ പെന്‍ഷന്‍ ഇപ്പോള്‍ 1,400 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. കുടിശിക വരുത്താതെ പെന്‍ഷന്‍ തുക ഗുണഭോക്താക്കളുടെ കൈകളില്‍ എത്തിക്കുന്നു. പെന്‍ഷനു പുറമെ നിരവധി ആനുകൂല്യങ്ങള്‍ ക്ഷേമനിധി അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ലഭിക്കുന്നുണ്ട്. നാലര വര്‍ഷംകൊണ്ട് 26,668 കോടി രൂപയാണ് ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ മാത്രം വിതരണം ചെയ്തത്.
പാവപ്പെട്ടവന് പെന്‍ഷനായി ലഭിക്കേണ്ടിയിരുന്ന 1638 കോടി രൂപയാണ് മുന്‍ സര്‍ക്കാര്‍ സ്ഥാനമൊഴിയുന്ന ഘട്ടത്തില്‍ ഉണ്ടായിരുന്നത്. കുടിശികയാക്കിയ 1,638 കോടി രൂപയും ഇപ്പോഴത്തെ സര്‍ക്കാര്‍ വിതരണം ചെയ്തു.പുതിയതായി 19.59 ലക്ഷം പേര്‍ക്കാണ് ഈ ഗവണ്‍മെന്റ് പെന്‍ഷന്‍ അനുവദിച്ചത്. ഇന്ന് 49,13,786 പേര്‍ക്ക് സാമൂഹികസുരക്ഷാ പെന്‍ഷനും 6,29,988 പേര്‍ക്ക് ക്ഷേമനിധി പെന്‍ഷനും ലഭിക്കുന്നു. പ്രതിമാസം 705 കോടി രൂപയാണ് പെന്‍ഷനായി സര്‍ക്കാര്‍ നീക്കിവെക്കുന്നത്. കടുത്ത പ്രതിസന്ധികള്‍ അഭിമുഖീകരിക്കുമ്പോഴും സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതപ്രയാസങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് അന്തസ്സുള്ള ജീവിതം ഉറപ്പുവരുത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, കൃഷി, സാമൂഹ്യസുരക്ഷ, തൊഴില്‍, പൊതുവിതരണം, അടിസ്ഥാന സൗകര്യവികസനം, ക്രമസമാധാനപാലനം തുടങ്ങി എല്ലാ മേഖലകളിലും സര്‍ക്കാര്‍ സൗകര്യമുറപ്പാക്കിയിട്ടുണ്ട്. നവകേരളമിഷന്റെ ഭാഗമായ ആര്‍ദ്രം, ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ദൗത്യങ്ങളിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായമെത്തിച്ചു. കോവിഡ് 19 നെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചഘട്ടത്തില്‍ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആശ്വാസം പകര്‍ന്നു. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് മുഖേന അംഗങ്ങള്‍ക്ക് ആയിരം രൂപ വീതം 21 കോടിയോളം രൂപ ധനസഹായമായി വിതരണം ചെയ്തു. എല്ലാ കുടുംബങ്ങള്‍ക്കും 15 കിലോ വീതം അരിയും പലവ്യജ്ഞനകിറ്റും സൗജന്യമായി നല്‍കി. ഓണത്തിനും തുടര്‍ന്നും റേഷന്‍ ഷാപ്പുകള്‍ വഴി സൗജന്യ പലവ്യജ്ഞനകിറ്റ് നല്‍കിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിലും തൊഴില്‍സുരക്ഷയും തൊഴിലാളികളുടെ അവകാശങ്ങളും തൊഴിലാളിക്ഷേമവും ആനുകൂല്യങ്ങളും ഉറപ്പുവരുത്തി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. വികസന-ക്ഷേമപ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകതന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മറ്റു ക്ഷേമപദ്ധതികളില്‍ അംഗത്വത്തിന് അര്‍ഹരല്ലാത്ത എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാപദ്ധതിയില്‍ അംഗങ്ങളാകാം. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും അംഗത്വം ലഭിക്കും. ഒട്ടേറെ ആനുകൂല്യങ്ങളാണ് അംഗങ്ങള്‍ക്ക് ഇതുവഴി ലഭിക്കുന്നത്. തൊഴിലാളികളെ ക്ഷേമനിധികളില്‍ അംഗങ്ങളാക്കുന്നതില്‍ ട്രേഡ്യൂണിയനുകളും തൊഴിലുടമകളും മുന്‍കൈയെടുക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
Discussion about this post