ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ കാറിന്റെ ഡിക്കിയില്‍ നിന്നും 55 ലക്ഷം രൂപ പിടിച്ചെടുത്തു

kp yohannan kerala

തിരുവല്ല; ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കാറിന്റെ ഡിക്കിയില്‍ നിന്നും 55 ലക്ഷം രൂപ പിടിച്ചെടുത്തു. തിരുവല്ലയിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകനും ബിഷപ്പുമായ കെപി യോഹന്നാന്റെ അടുത്ത സഹായിയുടെ വാഹനത്തില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

കെപി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് പുരോഗമിക്കുകയാണ്. പത്തനംതിട്ട തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ഇന്ന് രാവിലെ ഏഴ് മണി മുതലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. വിദേശനിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന. വിവിധ സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

കെപി യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ബിലീവേഴ്‌സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് എന്നിവ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നുവെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2012ല്‍ കെപി യോഹന്നാനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു

Exit mobile version