തിരുവനന്തപുരം; കെഎസ്ആര്‍ടിസിയുടെ രണ്ടാംഘട്ട പുനരുദ്ധാരണ പാക്കേജുകളുടെ ഭാഗമായി 50 കോടി രൂപ ഉപയോഗിച്ച് മൂന്ന് വ്യത്യസ്ത തരം ശ്രേണിയിലായാണ് ബസുകള്‍ വാങ്ങുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. കെഎസ്ആര്‍ടിസി സര്‍വ്വീസുകളിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനും ബസുകളുടെ ആധുനികവല്‍ക്കരണവുമാണ് ലക്ഷ്യം.
ഈ തുക ഉപയോഗിച്ച് പുതിയതായി നൂറ് ബസുകള്‍ കെഎസ്ആര്‍ടിസി വാങ്ങും. കെഎസ്ആര്‍ടിസിയുടെ രണ്ടാംഘട്ട പുനരുദ്ധാരണ പാക്കേജുകളുടെ ഭാഗമായി 50 കോടി രൂപ ഉപയോഗിച്ച് മൂന്ന് വ്യത്യസ്ത തരം ശ്രേണിയിലായാണ് ബസുകള്‍ വാങ്ങുന്നത്. 10.40 കോടി രൂപ ചിലവില്‍ 8 സ്ലീപ്പര്‍ എസി ബസുകള്‍ വാങ്ങും. നിലവില്‍ തിരുവനന്തപുരം – ബംഗളൂരു റൂട്ടില്‍ ഈ ശ്രേണിയിലുള്ള ബസുകള്‍ കെഎസ്ആര്‍ടിസിക്ക് സ്വന്തമായി ഇല്ല.
നിരവധി സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരും കര്‍ണാടക ആര്‍ടിസിയുമാണ് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നത്. കെഎസ്ആര്‍ടിസിക്ക് നാളിതുവരെ സ്ലീപ്പര്‍ ബസ് ഇല്ലാതിരുന്നത് വലിയൊരു ന്യൂനതയായിരുന്നു. ഈ 8 ബസുകള്‍ വാങ്ങിയ ശേഷം അതിന്റെ വിജയം ആസ്പദമാക്കിയാകും കൂടുതല്‍ സ്ലീപ്പര്‍ ബസുകള്‍ വാങ്ങുന്നത്.
10.80 കോടി രൂപ മുടക്കി 20 പ്രീമിയം എസി സീറ്റര്‍ ബസുകളും വാങ്ങും. അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ക്ക് ഉപയോഗിക്കാവുന്ന ഈ വിഭാഗം ബസുകളിലേക്ക് കൂടുതല്‍ ഇടത്തരം യാത്രക്കാര്‍ ആകര്‍ഷിക്കപ്പെടുമെന്നാണ് കണക്ക് കൂട്ടല്‍. 28.80 കോടി രൂപ മുടക്കി 72 കണ്‍വെന്‍ഷണല്‍ എയര്‍ സസ്പെന്‍ഷന്‍ ബസുകള്‍ വാങ്ങാനും പദ്ധതിയുണ്ട്. എക്സ്പ്രെസ് സര്‍വ്വീസുകള്‍ക്കായി ഇവ ഉപയോഗിക്കാന്‍ കഴിയും. കൂടുതല്‍ ലഗേജ് സ്പേസ്, ജിപിഎസ് സംവിധാനം, മൊബൈല്‍ ചാര്‍ജിംഗിന് കൃത്യമായ സൗകര്യം എന്നിവ ഉള്‍പ്പെടുന്ന വാഹനങ്ങളാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
സ്ലീപ്പര്‍ ബസുകളില്‍ കൊവിഡ് കാലത്ത് യാത്രാക്കാര്‍ തമ്മിലുള്ള ദൂരപരിധി ഉറപ്പാക്കിയാകും സര്‍വ്വീസ് നടത്തുക. ഈവര്‍ഷത്തെ പ്ലാന്‍ സ്‌കീമിലൂടെ ലഭിച്ച 50 കോടി രൂപ ഉപയോഗിച്ചാണ് ബസുകള്‍ വാങ്ങുന്നത്. ഇതിന് മുന്‍പ് കിഫ്ബി വഴി 310 സി.എന്‍.ജി ബസുകളും, 50 ഇലക്ട്രിക് ബസുകളും വാങ്ങാനും, ഇതിന് പുറമെ 400 ബസുകള്‍ എല്‍എന്‍ജി യിലേക്ക് മാറ്റുവാനും തീരുമാനിച്ചിരുന്നു. ഇത്തരത്തില്‍ 460 ബസുകളാണ് ഈ വര്‍ഷം പുതിയതായി വാങ്ങുന്നത്.
കൂടുതല്‍ ദീര്‍ഘദൂരസര്‍വ്വീസുകള്‍ എല്ലാം തന്നെ ഘട്ടംഘട്ടമായി യാത്രാ കംഫര്‍ട്ട് നല്‍കുന്ന കെഎസ്ആര്‍ടിസിയിലെ എ.സി ലോ ഫ്‌ലോര്‍ വോള്‍വോ സര്‍വ്വീസുകളിലേക്ക് മാറും. ഇത് വിജയകരമായാല്‍ പുഷ്ബാക്ക് സീറ്റുകള്‍ ഉയര്‍ന്ന ക്ലാസില്‍ വര്‍ധിപ്പിക്കുകയും ചെയ്യും.