നെടുങ്കണ്ടം: ഭക്ഷണം കിട്ടാന്‍ വൈകിയതിന്റെ പേരില്‍ പോലീസ് കാന്റീന് ജീവനക്കാര്‍ക്ക് മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനം. ഇടുക്കി നെടുങ്കണ്ടം പോലീസ് കാന്റീനിലാണ് സംഭവം നടന്നത്. സംഭവത്തില്‍ നെടുങ്കണ്ടം തൂക്കുപാലം വെട്ടത്ത് തോമസ്, പ്രകാശ് ഗ്രാം സ്വദേശികളായ പാറയില്‍ ആന്റണി, കന്നയില്‍ ബിജു എന്നിവര്‍ അറസ്റ്റിലായി. മൂവരും മദ്യപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം നടന്നത്. നെടുങ്കണ്ടം പോലീസ് കാന്റീനിന്റെ സമീപത്തെ തടിമില്ലില്‍ ജോലി ചെയ്യുകയായിരുന്ന ആറുപേര്‍ ഭക്ഷണം കഴിയ്ക്കാന്‍ എത്തിയിരുന്നു. ഭക്ഷണം നല്കാന് താമസം ഉണ്ടെന്ന് അറിയിച്ചതോടെയാണ് വാക്ക് തര്‍ക്കം ഉണ്ടായത്.
കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കാന്റീനില്‍ നിയന്ത്രിത ആളുകളെയാണ് ഭക്ഷണം കഴിയ്ക്കാന്‍ അനുവദിച്ചിരുന്നത്. കൂടുതലായി എത്തുന്നവരെ പുറത്തു നിര്‍ത്തിയതിന് ശേഷം ആളുകള്‍ കുറയുന്നതിന് അനുസരിച്ചാണ് അകത്ത് കയറ്റി ഭക്ഷണം നല്കി വന്നിരുന്നത്. ജീവനക്കാര്‍ കുറവായതിനാല്‍ വിളമ്പുന്നതും താമസിച്ചു. അരമണിക്കൂറോളം ഇരുന്നിട്ടും ഭക്ഷണം ലഭിയ്ക്കാതെ വന്നതോടെ പ്രകോപിതരായ മൂന്നുപേര്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു.
കാന്റീനില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് പ്രദീപ്കുമാറിനും മര്‍ദ്ദനമേറ്റു. ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരനെ മര്‍ദ്ധിച്ചതിനും കാന്റീനില്‍ കയറി അക്രമണം അഴിച്ചുവിട്ടതിനും പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post