തൃശൂര്‍: കോവിഡ് ബാധിച്ച് ചികിത്സയിലായതിനാല്‍ വായ്പ ലഭിക്കാത്തതില്‍ ക്ഷുഭിതനായി ബാങ്കുമാനേജരെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ കാട്ടൂര്‍ കതിരപ്പിള്ളി വിജയരാഘവനെ (64) പോലീസ് പിടികൂടി.
തൃശ്ശൂരിലാണ് സംഭവം. വായ്പ നഷ്ടപ്പെട്ടതിനു കാരണം ബാങ്ക് മാനേജരാണെന്ന തെറ്റിദ്ധാരണയിലാണ് വിജയരാഘവന് എസ്ബിഐ ശാഖാ മാനേജര്‍ വി.പി. രാജേഷ് (44)നെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത് ഗുരുതരമായി പരുക്കേറ്റ കണ്ണൂര്‍ പയ്യാമ്പലം സ്വദേശി വി.പി. രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: കര്‍ഷകനായ വിജയരാഘവനു ബാങ്ക് വായ്പ അനുവദിച്ചിരുന്നു. എന്നാല്‍, കോവിഡ് ബാധിച്ച് ഒരുമാസത്തോളം ചികിത്സയിലായിരുന്നതിനാല്‍ ഇദ്ദേഹത്തിനു വായ്പ സ്വീകരിക്കാന്‍ ബാങ്കിലെത്താനായില്ല.
സമയപരിധി കഴിയുകയും ചെയ്തു. ഇതിനിടെ ബാങ്ക് മാനേജര്‍ക്കു സ്ഥലംമാറ്റമായി. പുതുതായെത്തിയ മാനേജര്‍ രാജേഷ് സമയപരിധി കഴിഞ്ഞെന്നും വായ്പ നഷ്ടപ്പെട്ടെന്നും വിജയരാഘവനെ അറിയിച്ചു. അപേക്ഷ പുതുക്കി നല്കാന് ആവശ്യപ്പെടുകയും ചെയ്തു.
വായ്പ നഷ്ടപ്പെടുത്തിയതിനു പിന്നില്‍ പുതിയ മാനേജരാണെന്ന തെറ്റിദ്ധാരണയിലായിരുന്നു ആക്രമണം. സ്കൂട്ടറിലെത്തിയ വിജയരാഘവന് ഇരുമ്പുവടി ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ 9ന് ബാങ്ക് തുറക്കാന്‍ രാജേഷ് എത്തിയപ്പോഴായിരുന്നു സംഭവം.
ബാങ്കിനു മുന്നിലെ സിസിടിവി ക്യാമറയില്‍ ആക്രമണദൃശ്യം പതിഞ്ഞെങ്കിലും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. കാട്ടൂര്‍ എന്നാല്‍ അങ്ങാടിയില്‍ പൊലീസ് സ്ഥാപിച്ച ക്യാമറയില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞതു വഴിത്തിരിവായി. രാജേഷ് അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Discussion about this post