തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ 286 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്കി. 26 അധ്യാപക തസ്തികകളും 260 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. മെഡിക്കല്‍ കോളേജിലെ അക്കാഡമിക്, ഹോസ്പിറ്റല്‍ ബ്ലോക്ക് അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് കോഴ്സിന്റെ ആദ്യ ബാച്ച് തുടങ്ങുന്നതിലേക്കും ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഇത്രയും തസ്തികകള്‍ സൃഷ്ടിച്ചത്.
ഇതോടെ കിടത്തി ചികിത്സ തുടങ്ങാന്‍ സാധിക്കും. കൂടാതെ സംസ്ഥാനത്തെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് ഗ്രാമപഞ്ചായത്തുകളിലെ തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 195 ഓവര്‍സിയര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കാസര്‍കോഡ് ജില്ലയില്‍ പുതുതായി അനുവദിച്ച മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ 12 തസ്തികകള്‍ സൃഷിക്കും.
ജൂനിയര്‍ സൂപ്രണ്ട് 1, സീനിയര്‍ ക്ലര്‍ക്ക് / ക്ലര്‍ക്ക് 5, കോര്‍ട്ട് കീപ്പര്‍ 1, ഡഫേദാര്‍ 1, ഓഫീസ് അറ്റന്റന്റ് / അറ്റന്റര്‍ 3, പാര്‍ട്ട് ടൈം സ്വീപ്പര്‍ 1 എന്നീ തസ്തികകളാണ് അനുവദിച്ചത്.
പാലക്കാട് വടക്കഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 9 തസ്തികകള്‍ സൃഷ്ടിക്കും. മെഡിക്കല്‍ ഓഫീസര്‍ 3, സ്റ്റാഫ് നഴ്സ് 2, നഴ്സിംഗ് അസിസ്റ്റന്റ് 2, രണ്ടാം ഗ്രേഡ് ഹോസ്പിറ്റല്‍ അറ്റന്റന്റ് 1, ഫാര്‍മസിസ്റ്റ് 1 എന്നീ തസ്തികകളാണ് അനുവദിച്ചത്.
സര്‍ക്കാര്‍, എയ്ഡഡ് ആയുര്‍വേദ മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്ക് 7-ാം യു.ജി.സി സ്കീം അനുസരിച്ച് ശമ്പളപരിഷ്ക്കരണം അനുവദിക്കാന്‍ തീരുമാനിച്ചു. യുജിസി സ്കീമില്‍പ്പെട്ട പെന്‍ഷന്‍കാരുടെ പെന്ഷന് ആനുകൂല്യങ്ങള്‍ പരിഷ്ക്കരിക്കും. പരിഷ്ക്കരണത്തിന്റെ സാമ്പത്തികാനുകൂല്യം 2020 നവംബര്‍ മുതല്‍ നല്‍കും.തിരുവനന്തപുരം സിഎച്ച് മുഹമ്മദ് കോയ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡ് പാങ്ങപ്പാറയിലെ സ്ഥിര ജീവനക്കാര്‍ക്ക് ധനകാര്യവകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി 20-01-2016 തീയതിയിലെ സ.ഉ (പി) നം. 7/16/ധന ശമ്പള പരിഷ്കരണ ഉത്തരവ് ബാധകമാക്കാന്‍ തീരുമാനിച്ചു.
ഒഡെപെക്കിലെ ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്ക്കരണം അനുവദിക്കാന്‍ തീരുമാനിച്ചു. ഭാരത് ഭവനില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ ഒഴികെയുള്ള സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ധനകാര്യവകുപ്പിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി പത്താം ശമ്പള പരിഷ്കരണ ആനുകൂല്യം അനുവദിക്കാന്‍ തീരുമാനിച്ചു.കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിലെ (കെഎംഎംഎല്‍) ഓഫീസര്‍മാരുടെ ശമ്പളപരിഷ്കരണത്തിനും അംഗീകാരം നല്കി.
Discussion about this post