വയനാട്: വയനാട്ടിലെ ബാണാസുര മലയില്‍ ഉണ്ടായത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്ന് എസ്പി ജി പൂങ്കുഴലി. മാവോയിസ്റ്റ് സംഘത്തില്‍ നിന്നും പോലീസിനുനേരെ വെടിവയ്പുണ്ടായി. ഏറ്റമുട്ടലിനിടയില്‍ കൂടുതല്‍ പരിക്കേറ്റതാകാം വേല്‍മുരുകന്റെ മരണത്തിന് കാരണമെന്നും എസ്പി പറഞ്ഞു. ഏറ്റുമുട്ടലില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കാര്‍ക്ക് പരിക്കില്ലെന്നും എസ്പി വ്യക്തമാക്കി. മാവോയിസ്റ്റ് സംഘത്തിലെ എല്ലാവരുടെ പക്കലും ആയുധമുണ്ടായിരുന്നെന്നാണ് നിഗമനം. സംഘത്തിലെ ആളുകളെ തിരിച്ചറിയാനായിട്ടില്ലെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഏറ്റുമുട്ടലുണ്ടായ സ്ഥലത്തേക്ക് പോലീസ് മാധ്യമങ്ങളെ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസ് തിരച്ചില്‍ തുടരുകയാണ്. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തെ മരങ്ങളില്‍ വെടിയുണ്ടകള്‍ തുളച്ചുകയറിയ നിലയിലാണ്. വേല്‍മുരുകന്റെ കൈയ്യിലുണ്ടായിരുന്ന തോക്ക്, സ്‌ഫോടകവസ്തുക്കള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട വേല്‍മുരുകന്റെ പേരില്‍ കേരളത്തിലും പുറത്തുമായി നിരവധി കേസുകളുണ്ട്. വയനാട്ടില്‍ ഏഴുകേസുകളാണ് വേല്‍മുരുകനെതിരേ ഉളളത്. എല്ലാം യുഎപിഎ കേസുകളാണ്.പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് ആയുധങ്ങള്‍ മോഷ്ടിക്കുകയും ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ ഒഡീഷയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് വേല്‍മുരുകന് എന്ന് എസ്പി പറഞ്ഞു.
വേല്‍മുരുകനെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 2015-ല്‍ ഭരണകൂടം രണ്ടുലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. 15 വര്‍ഷമായി ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നയാളാണ് വേല്‍മുരുകനെന്നും എസ്പി പറഞ്ഞു. ഏറ്റുമുട്ടലില്‍ മറ്റാര്‍ക്കെങ്കിലും പരിക്കുണ്ടോ എന്ന് വ്യക്തമല്ല. വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും എസ്പി വ്യക്തമാക്കി.
Discussion about this post