കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറ്റിയിലേക്ക് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെ കൈവിട്ട് മുസ്ലിം ലീഗ് നേതൃത്വം. തട്ടിപ്പിന് ഇരയായ നിക്ഷേപകർക്ക് പണം തിരിച്ച് നൽകാനാകില്ലെന്ന് വ്യക്തമായതോടെയാണ് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ ചുവടുമാറ്റം. ഫാഷൻ ഗോൾഡിന്റെ ആസ്തി സംബന്ധിച്ച മുഴുവൻ വിവരങ്ങളും അന്വേഷണസംഘം ഏറ്റെടുത്തതോടെ ലീഗ് നേതൃത്വവും വെട്ടിലായിരുന്നു.
ഫാഷൻ ജ്വല്ലറിയുടെ ആസ്തികളിൽ ഭൂരിഭാഗവും ഇതിനകം വിറ്റെന്ന് തെളിഞ്ഞതിനാൽ നിക്ഷേപകർക്ക് പണം തിരികെ നൽകാനാവില്ലെന്നും വ്യക്തമായി. ജ്വല്ലറിയുടെ കണ്ണൂരും കാസർകോട്ടും ബെംഗളൂരുവിലുമുള്ള ആസ്തികൾ രഹസ്യമായി വിറ്റെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ, സംഭവം വിവാദമായതോടെ മുസ്ലിം ലീഗ് നേതൃത്വം നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ആറുമാസത്തെ സമയമാണ് കമറുദ്ദീന് അനുവദിച്ചിരുന്നത്. എന്നാൽ ആസ്തികൾ രഹസ്യമായി വിറ്റഴിച്ചതിനാൽ നിക്ഷേ
പകർക്ക് പണം കൈമാറാനായില്ല.
ഫാഷൻ ഗോൾഡിന്റെ ആസ്തി വച്ച് സ്വകാര്യഭൂമി കൈക്കലാക്കുകയും കൈമാറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലാണ് ഭൂമി വാങ്ങിയത്. ഇതിൽ ഒരുഭാഗം വിറ്റതായും കണ്ടെത്തി. കമറുദ്ദീനെക്കാളേറെ പൂക്കോയ തങ്ങളും ഡയറക്ടർമാരുമാണ് വ്യാപകമായി സ്വത്ത് കൈമാറ്റം നടത്തിയതെന്നും അന്വേഷസംഘം കണ്ടെത്തിയിട്ടുണ്ട്.
ഭൂമി മാത്രമല്ല, കെട്ടിടങ്ങളും വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വിലവരുന്ന ആസ്തികൾ രഹസ്യമായി വിൽപ്പന നടത്തിയിരിക്കുകയാണ്. ഭൂമിയിടപാടുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു.അതിനിടെ നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ട് കേസുകൾ കൂടി പോലീസ് റജിസ്റ്റർ ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം തൊണ്ണൂറ്റഞ്ചായി.
Discussion about this post