കോട്ടയം: ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റിൽ നിന്നും മുട്ട പതപ്പിക്കുന്നതിനുള്ള യന്തമായ എഗ്ഗ് ബീറ്റർ ഓര്‍ഡർ ചെയ്ത ഉദ്യോഗസ്ഥർക്ക് ലഭിച്ചത് ആക്രി സാധനങ്ങളും കല്ലും. ഓൺ ലൈൻ വഴി ഓർഡർ ചെയ്ത എഗ്ഗ് ബീറ്റർ പായ്ക്കറ്റ് തുറന്നു നോക്കിയപ്പോഴാണ് എംഎസിടി കോടതിയിലെ ജീവനക്കാർക്ക് തട്ടിപ്പിനിരയായെന്ന് മനസിലായത്.
കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന എംഎസിടി കോടതിയിലെ ജീവനക്കാരാണ് ഓൺലൈനിൽ ഒരേ ഉൽപന്നത്തിന് ഒരുമിച്ച് ഓർഡർ നൽകിയത്. ക്രിസ്മസിന് കേക്ക് ഉണ്ടാക്കുന്നതിനു വേണ്ടി ബീറ്റർ വാങ്ങിച്ചതായിരുന്നു. 4 എണ്ണത്തിനും കൂടി 2,241 രൂപയാണു വില. സാധനം കൈപ്പറ്റിയ ശേഷം പണം നൽകുന്ന വിധമാണ് ഓർഡർ നൽകിയത്.
ഒടുവിൽ കാത്തിരിപ്പിന് ശേഷം ഡലിവറി ബോയി എത്തിയതോടെ സന്തോഷത്തോടെ പാക്ക് പൊട്ടിച്ചപ്പോഴാണ് കല്ലും കടലാസുകളും പ്ലാസ്റ്റിക് വേസ്റ്റുമൊക്കെ പുറത്തുചാടിയത്. ഡെലിവെറി ബോയ് സാധനങ്ങൾ അടങ്ങിയ കവർ കൈമാറിയപ്പോൾ തന്നെ ഭാരക്കുറവും കുലുക്കവും തോന്നി. ഇതോടെ പൊട്ടിച്ചു നോക്കിയ ശേഷം പണം നൽകാൻ തീരുമാനിക്കുകയായിരുന്നു. പായ്ക്കറ്റ് പൊട്ടിച്ചപ്പോൾ ഇതിൽ ഒരു കല്ലും പ്ലാസ്റ്റിക് ടേപ്പിന്റെ അവശിഷ്ടങ്ങളുമാണു കണ്ടത്. ഇതോടെ സാധനം കൈപ്പറ്റാതെ തിരിച്ചയച്ചു.
Discussion about this post