അഞ്ചരക്കണ്ടി: ആത്മഹത്യ ചെയ്യാനായി ആരോ പുഴയിലേക്ക് എടുത്തു ചാടി എന്ന സന്ദേശം എത്തിയതോടെ രക്ഷാപ്രവർത്തനത്തിനായി ഓടി എത്തിയ അഗ്നിരക്ഷാ സേന ഏറെ നേരെ തെരച്ചിൽ നടത്തി നിരാശരായി മടങ്ങി. അഗ്നിരക്ഷാസേന മാത്രമല്ല, ഇവരോടൊപ്പം തെരച്ചിലിനായി ചേർന്ന പോലീസും നാട്ടുകാരും ഒരു പോലെ തിരഞ്ഞ് തിരഞ്ഞ് വലയുകയായിരുന്നു.
ചാമ്പാടാണ് സംഭവം. ഒരാൾ പുഴയിൽ ചാടി എന്ന സന്ദേശമാണ് അഗ്നിരക്ഷാ സേനയ്ക്ക് ലഭിച്ചത്. തുടർന്ന് രണ്ടു മണിക്കൂറിലധികം പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരത്തിൽ നിന്നു പുഴയിൽ ചാടി കുളിക്കുന്നത് കണ്ട് തെറ്റിദ്ധരിച്ചാണ് ഇത്തരമൊരു സന്ദേശത്തിനു ഇടയാക്കിയത് എന്ന നിഗമനത്തിൽ തിരച്ചിൽ അവസാനിപ്പിച്ച് എല്ലാവരും മടങ്ങി.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. 7: 45 ഓടെ തലശ്ശേരി അഞ്ചരക്കണ്ടി റൂട്ടിലൂടെ ബസിൽ യാത്ര ചെയ്യുകയായിരുന്ന ഒരു സ്ത്രീയാണ് ചാമ്പാട് പാലത്തിനു സമീപം ഒരാൾ പുഴയിൽ ചാടുന്നത് കണ്ടെന്ന വിവരം നാട്ടുകാരെ അറിയിച്ചത്. ഉടൻ നാട്ടുകാരിൽ ചിലരും വിവരമറിഞ്ഞ് കൂത്തുപറമ്പ് പോലീസും, കൂത്തുപറമ്പ്, പാനൂർ എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തി. കൂത്തുപറമ്പ് സ്കൂബ ഡൈവിങ് ടീമും പാനൂർ ഫയർ സ്റ്റേഷനിൽ നിന്നു റബർ ഡിങ്കിയുമായെത്തിയ സേനാംഗങ്ങളും ഫൈബർ തോണികളുമായി നാട്ടുകാരും രണ്ട് മണിക്കൂറിലധികം പുഴയിൽ തിരച്ചിൽ നടത്തി.
വാർത്ത കാട്ടുതീ പോലെ പടർന്നതോടെ പല പ്രദേശങ്ങളിൽ നിന്നായി ഒട്ടേറെ പേരും സ്ഥലത്തെത്തി. തിരച്ചിലിൽ ആരെയും കണ്ടെത്താൻ സാധിക്കാതായതോടെ നടത്തിയ അന്വേഷണത്തിൽ രാവിലെ പുഴയിൽ കുളിക്കാനെത്തിയ ചിലർ പുഴയോരത്തെ മരത്തിൽ നിന്നും പുഴയിൽ ചാടി കുളിച്ചിരുന്നു എന്ന വിവരം ലഭിച്ചെന്ന് കൂത്തുപറമ്പ് ഫയർ സ്റ്റേഷൻ ഓഫിസർ പി ഷനിത്ത് പറഞ്ഞു. ചാടിയെന്നത് സത്യമായിരുന്നെന്നും സന്ദേശം വ്യാജം അല്ലായിരുന്നു എങ്കിലും ഇത് രക്ഷാപ്രവർത്തനത്തിനായി എത്തിയ എല്ലാവരേയും വലയ്ക്കുകയായിരുന്നു.
Discussion about this post