തിരുവനന്തപുരം: അധികാരത്തിലേറി നാലര വര്‍ഷം പിന്നിടുമ്പോള്‍ പിണറായി സര്‍ക്കാര്‍ ഇതുവരെ 26,888 കോടി രൂപയാണ് പെന്ഷന് ഇനത്തില്‍ വിതരണം ചെയ്തത്. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഇനത്തില്‍മാത്രമാണിത്. സര്‍വ്വകാല റെക്കോര്‍ഡ് കൂടിയാണിത്. രാജ്യത്ത് തന്നെ അപൂര്‍വ്വവുമാണ് എന്നതാണ് നേട്ടത്തിന് തിളക്കമേറ്റുന്നത്.
പ്രതിമാസം 705 കോടി രൂപയാണ് ഇതിനായി മാറ്റിവെയ്ക്കുന്നത്. സെപ്തംബര്‍ മുതല്‍ മാസാമാസം പെന്ഷന് നല്‍കിത്തുടങ്ങി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കുടിശ്ശികയും ഈ സര്‍ക്കാര്‍ നല്‍കിയെന്നത് മറ്റൊരു വസ്തുത കൂടിയാണ്. പുതുതായി 19.59 ലക്ഷത്തോളം പേര്‍ക്ക് പെന്ഷന് അനുവദിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ ഒഴിയുമ്പോള്‍ ആകെ 35,83,886 പേര്‍ക്കായിരുന്നു പെന്ഷന്. നിലവില്‍ 49,13,786 പേര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷനും 6,29,988 പേര്‍ക്ക് ക്ഷേമനിധി പെന്‍ഷനും ലഭിക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ കുടിശ്ശികയാക്കിയ 1638 കോടിയാണ് പിണറായി സര്‍ക്കാര്‍ നല്‍കിയത്. 14 മുതല്‍ 24 മാസംവരെയുള്ള കുടിശ്ശിക 2016 ആഗസ്ത്, 2017 ആഗസ്ത് എന്നിങ്ങനെ രണ്ടുഘട്ടമായി വിതരണം ചെയ്തിട്ടുണ്ട്.
Discussion about this post