സർക്കാരിനെ ഇകഴ്ത്തിക്കാട്ടാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു; എന്ത് തന്നെ സംഭവിച്ചാലും സംസ്ഥാനത്ത് കെഫോൺ പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: അന്വേഷണ ഏജൻസികളുടെ അന്വേഷണം നടക്കാനിരിക്കെ കെ ഫോൺ പദ്ധതിയ്ക്ക് സർവ്വ പിന്തുണയും പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തൊക്കെ സംഭവിച്ചാലും സംസ്ഥാനത്ത് കെഫോൺ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കി സാധാരണ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നാണ് പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നവരോട് പറയാനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഗുണമേൻമയുള്ള ഇന്റർനെറ്റ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സർക്കാർ കൊണ്ടുവന്ന പദ്ധതിയാണിത്. അന്വേഷണ ഏജൻസികളിലൂടെ ഇത്തരത്തിലുള്ള സർക്കാർ പ്രവർത്തനങ്ങൾക്ക് തടയിടാനുള്ള ശ്രമമാണ് ചിലർ നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സർക്കാരിനെ ഇകഴ്ത്തിക്കാട്ടാൻ അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തുന്നുവെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റാത്ത രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കെഫോൺ പദ്ധതി പരിശോധിക്കാനുള്ള ശ്രമങ്ങൾ സർക്കാരിനെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ജനങ്ങൾക്ക് ഏറെ നേട്ടമുണ്ടാക്കുന്ന പദ്ധതിക്ക് തുരങ്കം വയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version