ദുബായ്: ഓണ്‍ലൈന്‍ ചാറ്റില്‍ പരിചയപ്പെട്ട യുവതിയെ സ്വന്തം ഹോട്ടല്‍ മുറിയില്‍ വിളിച്ചു വരുത്തി പണം തട്ടിയ കേസില്‍ 27കാരന് അറസ്റ്റില്‍. ജോര്‍ദാനിയന്‍ പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നറിയിച്ചാണ് ഇയാള്‍ യുവതിയെ വിളിച്ചു വരുത്തിയത്. തുടര്‍ന്ന് 7,600 ദിര്‍ഹം തട്ടിയെടുത്തുവെന്നാണ് ദുബായ് പ്രാഥമിക കോടതിയില്‍ സമര്‍പ്പിച്ച കേസ് രേഖകളില്‍ പറയുന്നത്.
സംഭവത്തിന് ഒന്നര മണിക്കൂര്‍ മുന്‍പ് മാത്രമാണ് ഇയാള്‍ യുവതിയെ ഓണ്‍ലൈന്‍ ചാറ്റിങിലൂടെ പരിചയപ്പെട്ടത്. തനിക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ ഇയാള്‍ താന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് വരാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും യുവതിയെ നിര്‍ബന്ധിച്ചു. റൂമിലെത്തിയപ്പോള്‍ കൈവശം പണമുണ്ടോ എന്നായിരുന്നു ആദ്യ ചോദ്യം.
പണം നല്കാതിരുന്നപ്പോള് തനിക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താല്പര്യമുണ്ടെന്ന് ഇയാള്‍ പറഞ്ഞു. ഇതിനോടും യുവതി അനുകൂലമായി പ്രതികരിച്ചില്ല. തുടര്‍ന്ന് ഇവര്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ബലം പ്രയോഗിച്ച് പിടിച്ചുവെയ്ക്കുകയും പേഴ്സ് തട്ടിയെടുക്കുകയുമായിരുന്നെന്ന് പോലീസിനോട് പറഞ്ഞു.
യുവതി ബഹളം വെച്ച് ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരെ വിളിച്ചുവരുത്തിയപ്പോള്‍ ഇയാള്‍ ബാത്ത്റൂമില്‍ കയറി വാതിലടച്ചു. ഹോട്ടല്‍ ജീവനക്കാര്‍ വാതിലില്‍ മുട്ടിയപ്പോള്‍ പുറത്തിറങ്ങിയെങ്കിലും പണം എടുത്തകാര്യം ഇയാള്‍ നിഷേധിച്ചു. ജീവനക്കാര്‍ നിര്‍ബന്ധിച്ചിട്ടും പണം തിരികെ നല്‍കാനോ പ്രശ്നം പരിഹരിക്കാനോ ഇയാള്‍ തയ്യാറായില്ല.
ഒടുവില്‍ യുവതി പോലീസിനെ വിളിച്ചു. പോലീസെത്തി മുറി പരിശോധിച്ചപ്പോള്‍ 7600 ദിര്‍ഹം കണ്ടെടുക്കുകയായിരുന്നു.
Discussion about this post