തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ആയിരക്കണക്കിനാളുകളാണ് ദിവസവും കോവിഡ് ബാധിതരാവുന്നത്. പരിശോധിക്കുന്നവരില്‍ നല്ലൊരു വിഭാഗത്തിനും കോവിഡ് പോസിറ്റീവാകുന്ന നിലയാണ് കേരളത്തിലുള്‍പ്പെടെ പല സ്ഥലങ്ങളിലും.
ലോകത്താകമാനം കോവിഡ് പിടിമുറുക്കിയ സാഹചര്യമാണ് ഇപ്പോഴത്തേത്. രൂക്ഷമായ ഈ കോവിഡ് വ്യാപനത്തിന് കാരണം കൊറോണ വൈറസിനുണ്ടായ ജനിതക വ്യതിയാനമാകാമെന്ന് അമേരിക്കയില്‍ നിന്നുള്ള പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 5000ലധികം കോവിഡ് രോഗികളെ ഉള്‍പ്പെടുത്തി അമേരിക്കന്‍ നഗരമായ ഹൂസ്റ്റണിലാണ് പഠനം നടത്തിയത്.
കൊറോണ വൈറസിന്റെ ആദ്യ വകഭേദത്തിന് ജനിതക പരിവര്‍ത്തനം സംഭവിച്ച് ഉണ്ടായ D614G വകഭേദമാണ് രോഗപകര്‍ച്ച രൂക്ഷമാക്കിയതെന്ന് ടെക്‌സാസ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.ഈ വകഭേദത്തിന് മുന്‍പത്തെ വൈറസിനെക്കാള്‍ പുറംഭാഗത്തുള്ള പ്രോട്ടീന്‍ മുനകള്‍ കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഇത് ബാധിക്കപ്പെടുന്ന രോഗികളിലെ വൈറസ് ലോഡ് കൂടുതലാണ്. ഇത് തന്നെയാകും ഇത് പെട്ടെന്ന് പടരാന്‍ ഇടയാക്കുന്നതെന്നും പഠനം വെളിപ്പെടുത്തുന്നു. അമേരിക്കന്‍ നഗരമായ ഹൂസ്റ്റണില്‍ കോവിഡിന്റെ ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും പ്രത്യക്ഷമായ വൈറസുകളുടെ ജീനോമുകളാണ് പഠനത്തിന്റെ ഭാഗമായി പരിശോധിച്ചത്.
ആദ്യ തരംഗത്തില്‍ ഹൂസ്റ്റണില്‍ കണ്ടെത്തിയ രോഗികളിലെ 71 ശതമാനം പേരിലെ ഈ ജനിതക വകഭേദം കണ്ടെത്തിയുള്ളൂ. എന്നാല്‍ രണ്ടാം തരംഗത്തില്‍ ഇത് 99.9 ശതമാനമായി. 28,000 ലധികം ജിനോം സീക്വന്‍സുകളെ ആധാരമാക്കി ജൂലൈയില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും D614G വകഭേദമാണ് ലോകത്തില്‍ ഇപ്പോള്‍ പ്രബലമെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ ഈ പുതിയ വകഭേദം കൂടുതല്‍ മാരകമാണെന്നുള്ളതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. പെട്ടെന്ന് പടരുമെങ്കിലും ഈ വൈറസ് വകഭേദം മരണനിരക്ക് കുറയ്ക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.
Discussion about this post