തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. ആത്മാഭിമാനമുള്ള സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ഒന്നുകില്‍ മരിക്കും അല്ലെങ്കില്‍ പിന്നീടത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന സ്ത്രീകളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കലാണെന്ന് ചൂണ്ടിക്കാണിച്ചാണ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.
ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂറാണ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഐപിസി 305, 306, 108 വകുപ്പുകള്‍ പ്രകാരം മുല്ലപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നത്. നിയമത്തില്‍ ഒരു വ്യക്തി എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ മുല്ലപ്പള്ളി പ്രായഭേദമന്യേ ഒരു സമൂഹത്തെയാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നത്. മുന്‍ കേന്ദ്ര അഭ്യന്തര സഹമന്ത്രിയും നിരവധി തവണ എംപിയും കെപിസിസി പ്രസിഡന്റുമായ ഉന്നതനായ വ്യക്തി ഇങ്ങനെ പറയുന്നത് ഗൗരവമേറിയ കുറ്റകൃത്യമാണെന്നും പരാതിയില്‍ ആരോപിക്കുന്നു.
ഐപിസി 305 പ്രകാരം 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചാല്‍ വധശിക്ഷയോ ജീവപര്യന്തം ശിക്ഷയോ ലഭിക്കുന്ന കുറ്റമാണ്. മുതിര്‍ന്ന സ്ത്രീകളെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചാല്‍ പത്തു വര്‍ഷം തടവും ലഭിക്കാവുന്ന കുറ്റമാണ്.
Discussion about this post