തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ കള്ളക്കേസ് എടുക്കുകയാണ് എന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ എംഎൽഎമാരുടെ പേരിൽ കള്ളക്കേസെടുത്ത് സർക്കാർ നടത്തുന്ന അഴിമതിക്ക് എതിരെയുള്ള പോരാട്ടങ്ങളെ നിർവീര്യമാക്കാനുള്ള ശ്രമമാണ് ഡിജിപി നടത്തുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
‘തന്റെ അഴിമതി മൂടിവെച്ചതിന് സർക്കാരിന് പ്രത്യുപകാരം ചെയ്യുകയാണ് ഇതിലൂടെ ഡിജിപി. പിടി തോമസ്, കെഎം ഷാജി, വിഡി സതീശൻ തുടങ്ങിയ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ളകേസ് എടുക്കാനും നിർവീര്യമാക്കാനും അപമാനിക്കാനുമുള്ള ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. ബോധപൂർവ്വമായ നീക്കമാണിത്. അഴിമതി ചൂണ്ടിക്കാണിക്കുന്ന സർക്കാരിന്റെ കൊള്ളയ്‌ക്കെതിരെ പോരാടുന്ന എംഎൽഎമാർക്കെതിരെ കേസെടുത്തുകൊണ്ട് പ്രതികാരം തീർക്കാനാണ് ഡിജിപി ശ്രമിക്കുന്നതെങ്കിൽ ശക്തമായി തന്നെ അതിനെ നേരിടും.’-ചെന്നിത്തല പറഞ്ഞു.
പോലീസ് ആസ്ഥാനത്ത് നടത്തിയ നാലര വർഷത്തെ അഴിമതി എജി പുറത്ത് കൊണ്ടുവന്നതാണ്. ആ റിപ്പോർട്ട് കോൾഡ് സ്‌റ്റോറേജിൽ വെച്ചിരിക്കുകയാണ് ഈ സർക്കാർ. അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട് ഇക്കാര്യം വ്യക്തമാക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ കൊള്ള നടത്തിയ ഡിജിപിയാണ് നിലവിലുള്ളതെന്നും ചെന്നിത്തല ആരോപിച്ചു.
ഇത് മൂടി വെച്ചതിന്റെ പ്രത്യുപകാരമാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെയും പ്രതിപക്ഷ നേതാക്കൻമാർക്കെതിരെയും കള്ള കേസുകൾ ചമയ്ക്കുന്നത്. അതിനെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Discussion about this post