കൊച്ചി: കൊച്ചിയിൽ നടി ആക്രമണത്തിനിരയായ കേസിൽ വിചാരണ താൽക്കാലികമായി നിർത്തിവെയ്ക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. വെള്ളിയാഴ്ച വരെ വിചാരണ നിർത്തിവെക്കാനാണ് നിർദേശം. അതേ സമയം കേസ് ഇതുവരെ തീർപ്പാക്കിയിട്ടില്ല. കോടതി പരാതിക്കാരിയും ഇരയുമായ നടിയുടെയും സർക്കാരിന്റെയും വാദം കേട്ട ശേഷമാണ് വിചാരണ നിർത്തിവെയ്ക്കാൻ ഉത്തരവിട്ടത്.
വിചാരണ കോടതി പ്രതി ഭാഗത്തിന് അനുകൂലമായി നിലപാട് എടുക്കുകയും ഇരയ്ക്കെതിരെ പക്ഷപാതിത്വം കാണിക്കുകയും ചെയ്യുന്നെന്ന് ആരോപിച്ച് നടിയും പ്രോസിക്യൂഷനും ഹൈക്കോടതിയിലെത്തുകയായിരുന്നു. സുതാര്യമായ വിചാരണ നിലവിലെ കോടതിയിൽ സാധ്യമാകില്ല. അക്രമത്തിനിരയായ നടിക്ക് നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട പല രേഖകളും പ്രോസിക്യൂഷന് നൽകുന്നില്ലെന്നും പ്രതിഭാഗത്തിനാണ് നൽകുന്നതെന്നും നടി തന്റെ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. സർക്കാരും ഇക്കാര്യം സ്ഥിരീകരിച്ചതോടെയാണ് കോടതി ഉത്തരവ്.
ജഡ്ജിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. കേസിന്റെ വിചാരണ നിലവിലെ കോടതിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നതിൽ വീഴ്ച പറ്റിയെന്നതടക്കമുള്ള ആരോപണങ്ങൾ സർക്കാർ ഉന്നയിച്ചിരിക്കുന്നത്.
ഇരയായ യുവതിയുടേയും സാക്ഷികളായ നടി മഞ്ജുവാര്യർ അടക്കമുള്ളവരുടേയും മൊഴികളിലെ ചില കാര്യങ്ങൾ രേഖപ്പെടുത്തുന്നതിൽ കോടതിക്ക് വീഴ്ച പറ്റിയെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചിരിക്കുന്നത്. മകളെ ഉപയോഗിച്ച് പ്രതിയായ ദിലീപ് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന മഞ്ജുവിന്റെ മൊഴി കോടതി രേഖപ്പെടുത്തിയില്ല. നടിയെ വകവരുത്തും എന്ന് പറഞ്ഞതായുള്ള മൊഴിയും രേഖപ്പെടുത്തിയില്ല. നടി പറഞ്ഞ മറ്റു ചില കാര്യങ്ങളും രേഖപ്പെടുത്തിയില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ആക്രമണത്തിനിരയായ നടിയാണ് ആദ്യം വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ അനുകൂലിച്ചുകൊണ്ടാണ് സർക്കാരിന്റെ സത്യവാങ്മൂലം. കോടതി മാറ്റം ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
Discussion about this post