തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷന്‍ വ്യാപാരികളുടെ സമരം. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നേരിട്ട് നടത്താന്‍ തീരുമാനിച്ച റേഷന്‍ കട ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. കടകള്‍ അടച്ചിട്ടാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മുതല്‍ ഏഴ് വരെയാണ് കടകള്‍ അടച്ചിടുന്നത്.
സമരം മൂലം കടയടച്ച് റേഷന്‍ മുടങ്ങുന്ന സ്ഥലങ്ങളില്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളോട് ചേര്‍ന്ന് റേഷന്‍ കടകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. തിരുവനന്തപുരത്ത് പുളിമൂട്ടിലാണ് ആദ്യത്തെ സപ്ലൈക്കോ റേഷന്‍ കടയുടെ ഉദ്ഘാടനം. അതേസമയം, സര്‍ക്കാര്‍ റേഷന്‍ കടകള്‍ തുടങ്ങുന്നത് നിയമവിരുദ്ധമാണെന്നാണ് റേഷന്‍ വ്യാപാരികളുടെ വാദം.
സമരത്തില്‍, കറുത്ത ബാഡ്ജ് ധരിച്ച് വ്യാപാരികള്‍ പ്രതിഷേധിക്കും. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെയും കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.