മഹാമാരിയുടെ പിടിയിൽ നിന്നും എന്ന് മുക്തിനേടും എന്നറിയാതെ ശ്വാസംമുട്ടി കഴിയുന്നതിനിടെ വീണ്ടും മറ്റൊരു കേരളപ്പിറവി ദിനം കടന്നുപോവുകയാണ്. വൈറസിന്റെ പിടിയിൽ ബന്ധനസ്ഥരായി, മുഖം മറച്ച്, പുറം കാഴ്ചകൾക്ക് ചങ്ങലയിട്ട് അടങ്ങിയിരിക്കുന്ന കേരളത്തിന്റെ നേർച്ചിത്രമാണ് പ്രശസ്ത ഫോട്ടോഗ്രാഫർ രാഹുൽ രവി പങ്കുവെയ്ക്കുന്നത്. കേരളപ്പിറവി ദിനത്തിൽ നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഈ രാഹുൽ രവി ചിത്രം. ഏറെ കഷ്ടപ്പെട്ട് ചിത്രീകരിച്ച ഈ ഫോട്ടോയുടെ മേയ്ക്കിങ് വീഡിയോയും ഫോട്ടോഗ്രാഫർ പുറത്തുവിട്ടിട്ടുണ്ട്.
ചിത്രത്തെ കുറിച്ച് രാഹുൽ രവിയുടെ വാക്കുകൾ
നവംബർ 1, വീണ്ടുമൊരു കേരളപ്പിറവി ദിനം കൂടിവന്നു ചേരുന്നു… .
ഒന്നാലോചിക്കുമ്പോൾ പണ്ട് മുതൽക്കേ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു ചലചിത്രം കൺമുന്നിൽ യാഥാർത്യമായതു പോലെ ! ഇന്ന് നമ്മൾ എവിടെയാണ്? ഇത് വരെ കാണാത്ത ഒരു വൈറസിന്റെ പിടിയിൽ ബന്ധനസ്ഥരായി.. മുഖം മറച്ച് .. പുറം കാഴ്ചകൾക്ക് ചങ്ങലയിട്ട് അടങ്ങിയിരിക്കുന്ന ലോകത്ത്! ..ഒരു പുതിയ ലോകത്തിന്റെ ദൃശ്യവിരുന്നുമായത്തിയ ‘ഗുരു’ എന്ന സിനിമയെ ഓർത്ത് പോകുന്നു ! പല വർണങ്ങളുള്ള .. മായക്കാഴ്ചകളുള്ള ലോകത്ത് ജീവിക്കുന്ന മനുഷ്യർക്ക് വിശ്വാസങ്ങളുടെ പേരിൽ കാഴ്ചയെന്തെന്ന് അറിയാതെ പോകുന്നു. ഒരു പക്ഷേ ഇന്ന് നമ്മൾ ആരുടെ പിടിയിലാണ്? മതത്തിന്റെയോ ?… രാഷ്ട്രീയത്തിന്റെയോ ?… അതോ കാഴ്ചയുണ്ടായിട്ടും ഒന്നും കാണാതെ പോകുന്ന ജനസമൂഹത്തിന്റെയോ?…
ഒന്നുമറിയാതെ കൈ കാലുകൾ ബന്ധിച്ച് ഒരു പടുകുഴിയിലാണ് നാമിന്ന്. എന്ന് കരകയറുമെന്നറിയാതെ ശ്വാസം മുട്ടി കഴിഞ്ഞു പോകുന്ന ദിവസങ്ങൾ ! ഇനിയുമെത്രനാൾ കാത്തിരിക്കണം ?! കേരളം വിഴുങ്ങിയ കോവിഡ് എന്ന മഹാമാരിയിൽനിന്ന് രക്ഷനേടാൻ !
Discussion about this post