കൊച്ചി: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധം കത്തുന്നു. അഹങ്കാരവും ധാർഷ്ട്യവും സ്ത്രീ വിരുദ്ധതയും ചേർന്ന് ജനിതക മാറ്റം വന്ന വൈറസ് ബാധയാണ് മുല്ലപ്പള്ളിയുടെ മനസിനെന്ന് ഡിവൈഎഫ്ഐ നേതാവ് എഎ റഹീം കുറ്റപ്പെടുത്തി. വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിക്കണമെന്നും അപരിഷ്കൃതവും സ്ത്രീ വിരുദ്ധവുമായ പ്രതികരണങ്ങൾ അവസാനിപ്പിക്കാൻ എഐസിസി അധ്യക്ഷ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്തകാലത്തായി സ്ത്രീ വിരുദ്ധതയും വഷളത്തരവും പറയുന്ന നേതാവായി മുല്ലപ്പള്ളി മാറിയെന്നും റഹീം വിമർശിച്ചു. ബലാത്സംഗത്തിന് ഇരയായാൽ ആത്മാഭിമാനമുള്ള സ്ത്രീ ആത്മഹത്യ ചെയ്യുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമർശം.
എന്താണ് ഇദ്ദേഹം പറയുന്നത്, ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കണം എന്നായിരിക്കും അടുത്തതായി മുല്ലപ്പള്ളി പറയുകയെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. സ്ത്രീവിരുദ്ധത+വഷളത്തരം = മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന ചിത്രവുമ ഇതിനോടൊപ്പം റഹീം പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ, ‘ഒരു സ്ത്രീയെ ഒരിക്കൽ പീഡിപ്പിച്ചുവെന്ന് പറഞ്ഞാൽ നമുക്ക് മനസ്സിലാക്കാം. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ഒന്നുകിൽ അവർ മരിക്കും അല്ലെങ്കിൽ ഒരിക്കൽ പോലും ആവർത്തിക്കാതിരിക്കതിരിക്കാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്’- എന്നായിരുന്നു പൊതുപരിപാടിക്കിടെ മുല്ലപ്പള്ളി പരാമർശിച്ചത്.
എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
‘ബലാത്സംഗത്തിന് ഇരയായാൽ സ്ത്രീ ആത്മഹത്യ ചെയ്യണം’
എന്താണ് ഇദ്ദേഹം പറയുന്നത്? ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കണം എന്നായിരിക്കും അടുത്ത് ഇദ്ദേഹം പറയുക!!
അടുത്തകാലത്തായി സ്ത്രീ വിരുദ്ധതയും വഷളത്തരവും പറയുന്ന നേതാവായി ശ്രീ മുല്ലപ്പള്ളി മാറി. അഹങ്കാരവും ധാർഷ്ട്യവും സ്ത്രീ വിരുദ്ധതയും ചേർന്ന് ജനിതക മാറ്റം വന്ന വൈറസ് ബാധയാണ് മുല്ലപ്പള്ളിയുടെ മനസ്സിന്.
സോണിയ ഗാന്ധി പ്രതികരിക്കണം. അപരിഷ്കൃതവും സ്ത്രീ വിരുദ്ധവുമായ
പ്രതികരണങ്ങൾ അവസാനിപ്പിക്കാൻ എഐസിസി അധ്യക്ഷ ഇടപെടണം.
Discussion about this post