തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2020-ലെ എഴുത്തച്ഛന് പുരസ്കാരത്തിന് ചെറുകഥാ കൃത്തും നോവലിസ്റ്റുമായ സക്കറിയ അര്‍ഹനായി. മന്ത്രി എ കെ ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കു നല്കുന്ന കേരള സര്‍ക്കാരിന്റെ പരമോന്നത പുരസ്കാരമായ എഴുത്തച്ഛന് പുരസ്കാരം.
സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന് അദ്ധ്യക്ഷനും സച്ചിദാനന്ദന്, എം. തോമസ്മാത്യു, ഡോ. കെ.ജി. പൗലോസ്, സാംസ്കാരിക വകുപ്പു സെക്രട്ടറി റാണിജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്കാരം സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ വച്ചുനടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും. തീയതി പിന്നീട് അറിയിക്കും.
പോള്‍ സക്കറിയ എന്ന സക്കറിയ അര നൂറ്റാണ്ടിലേറെക്കാലമായി മലയാളസാഹിത്യത്തിനും മലയാളിയുടെ ചിന്തയ്ക്കും നല്കിയ സംഭാവനകള്‍ അതുല്യമാണ്. മലയാള സാഹിത്യത്തില്‍ തന്റെ കഥകളും ചെറുനോവലുകളും വഴി ഒരേസമയം സൗന്ദര്യാത്മകവും നൈതികവുമായ ഒരു വഴിത്തിരിവുണ്ടാക്കാനും നമ്മുടെ ആഖ്യാന സാഹിത്യത്തില്‍ ദുരന്തബോധവും നര്‍മ്മബോധവും സമന്വയിക്കുന്ന ഒരു നവീന ഭാവുകത്വത്തിന്റെ അടിത്തറ പാകാനും സക്കറിയക്കു കഴിഞ്ഞിട്ടുണ്ട്.
ഒപ്പം തന്നെ തന്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ലേഖനങ്ങള്‍, പംക്തികള്‍, പ്രഭാഷണങ്ങള്‍ എന്നിവയിലൂടെ കേരളീയ സാമൂഹ്യജീവിത സമസ്യകളെക്കുറിച്ചു സ്വതന്ത്ര വീക്ഷണങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് മലയാളികളെ ഉണര്‍ത്തി ചിന്തിപ്പിക്കുവാനും അദ്ദേഹം ശ്രമിച്ചുപോരുന്നു. പല ഭൂഖണ്ഡങ്ങളിലേക്കും നടത്തിയ യാത്രകളുടെ ലളിത സുഭഗമായ ആഖ്യാനങ്ങളിലൂടെ മലയാളികളുടെ അനുഭവ ചക്രവാളം വികസിപ്പിക്കുവാനും സക്കറിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്
Discussion about this post