കന്യാസ്ത്രീകളെ അധിക്ഷേപിച്ച് യുട്യൂബ് വീഡിയോ ചെയ്ത സംഭവത്തില്‍ വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അറസ്റ്റില്‍. സിസ്റ്റര്‍ അനുപമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെന്നഡ് കരിമ്പിന്‍കാലയിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളത്ത് കാക്കനാട്ടെ വീട്ടിലെത്തി കുറവിലങ്ങാട് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയം കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഐടി ആക്ടിലെ വിവിധ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. 2018 ലാണ് കേസിന് ആസ്പദമായ സംഭവം.
ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസിലെ അന്വേഷണവും വിചാരണയും നീതിപൂര്‍വം നടത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങിയ കന്യാസ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു യൂട്യൂബ് വീഡിയോ ചെയ്തത്. ചാനല്‍ ചര്‍ച്ചകളില്‍ കെന്നഡി കരിമ്പിന്‍കാലയില്‍ കന്യാസ്ത്രീകളെ പലകുറി അവഹേളിച്ചതും വിവാദമായിരുന്നു. തുടര്‍ന്ന് സിസ്റ്റര്‍ അനുപമയുടെ പരാതിയില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.