തിരുവനന്തപുരം: സംസ്ഥനങ്ങളുടെയും ഭാഷയുടെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് ലൈസാമ്മയുടെ ഹൃദയം ഇനി തമിഴ്‌നാട്ടില്‍ മിടിക്കും. അമ്പതാമത്തെ വയസ്സില്‍ ജീവിതത്തിന്റെ പാതിയില്‍ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ലൈസാമ്മ മടങ്ങുമ്പോള്‍ ഇനി മറ്റൊരാളുടെ സ്വനങ്ങള്‍ നിറവേറ്റാന്‍ ആ ഹൃദയം ജീവിക്കും.
കോഴിക്കോട് ചെമ്പനോട് പൂഴിത്തോട് ഇടമന്നയില്‍ ജോണിന്റെ ഭാര്യ ലൈസാമ്മ വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു. എന്നാല്‍ മരിക്കുമ്പോഴും തന്നാല്‍ കഴിയുന്ന കാര്യങ്ങള്‍ ലൈസാമ്മ ചെയ്തു. ഹൃദയമുള്‍പ്പെടെ അഞ്ച് അവയവങ്ങളാണ് തമിഴ്‌നാട്ടിലും കേരളത്തിലുമായി ദാനം ചെയ്തത്. കഴിഞ്ഞ ആറിന് മുടുക്കല്ലൂര്‍ ആശുപത്രിയില്‍ പോകവേ ബസില്‍ നിന്ന് തെറിച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ ലൈസാമ്മ ശനിയാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് കീഴില്‍ മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന കെഎന്‍ഒഎസില്‍ ഇവരുടെ കുടുംബം അവയവദാനത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു. ഒരു വൃക്കയും കരളും കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും ഒരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് നല്‍കി.
എന്നാല്‍, ഹൃദയത്തിന് മാത്രം അനുയോജ്യരായവരെ കേരളത്തില്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ഹൃദയം തമിഴ്‌നാട് സര്‍ക്കാരിന്റെ ട്രാന്‍സ്റ്റാന്‍ എന്ന അവയവദാന ഏജന്‍സിയുമായി ബന്ധപ്പെട്ടാണ് ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ രോഗിയെ കണ്ടെത്തുന്നത്.
എന്നാല്‍, അത്ര എളുപ്പത്തില്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അവയവദാനം സാധ്യമല്ലായിരുന്നു. ഇതോടെ ആരോഗ്യ മന്ത്രി കെകെ ശൈലജ വിഷയത്തില്‍ ഇടപ്പെട്ടു. ഇതോടെ പ്രത്യേക ഗ്രീന്‍പാതയൊരുക്കി വിമാനത്താവളത്തിലെത്തിച്ച് വിമാന മാര്‍ഗം ഹൃദയം, ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചു.
മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ച അമ്മയുടെ അവയവങ്ങള്‍ മരണശേഷം മറ്റുള്ളവരുടെ ജീവിതത്തിന് പുത്തന്‍ പ്രതീക്ഷയാകമെന്നും അത് കണ്ട് അമ്മയുടെ ആത്മാവ് സന്തോഷിക്കുകയേ ഉള്ളുവെന്നും നേഴ്‌സ് കൂടിയായ മകള്‍ ജോഷ്‌ന പറഞ്ഞു.
Discussion about this post