കൊച്ചി: കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ എട്ടുമാസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബീച്ചുകള്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. പലയിടങ്ങളിലും ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ചെറായി ഭാഗത്ത് തീരദേശ റോഡില്‍ പലയിടത്തുമായി രൂപംകൊണ്ട കാടും പടലും വെട്ടിമാറ്റുന്ന ജോലികള്‍ ആരംഭിച്ചു. ബീച്ചിലെ ഹൈമാസ്റ്റ് വിളക്കുകളും തെരുവുവിളക്കുകളും അറ്റകുറ്റപ്പണി നടത്തി തെളിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഒരേസമയം 100 വാഹനങ്ങള്‍ക്ക് മാത്രമാകും ചെറായി ബീച്ചില്‍ പാര്‍ക്കിങ് അനുമതി ഉണ്ടാവുക. കടകളും മറ്റും നിയന്ത്രണങ്ങള്‍ പാലിച്ചു തുറക്കാം. 12 യൂണിറ്റുകളുള്ള രണ്ടു ശുചിമുറി സമുച്ചയങ്ങളും തുറക്കും. ഹോം സ്റ്റേകള്‍, വില്ലകള്‍ തുടങ്ങിയവയും ഉപയോഗിക്കാം. വാട്ടര്‍ സ്‌പോര്‍ട്‌സിനും അനുമതിയുണ്ട്. ബീച്ചില്‍ പരമാവധി സന്ദര്‍ശകര്‍ 500. വോക്ക്വേയില്‍ 150.
സന്ദര്‍ശകര്‍ വലിയതോതില്‍ എത്തുമെന്ന കണക്കുകൂട്ടലിലാണ് പോലീസും അധികൃതരും. ഞായറാഴ്ചകളില്‍ ബീച്ചുകളില്‍ പോലീസ് സന്നാഹങ്ങള്‍ ഒരുക്കും. അതേസമയം ബീച്ചുകളില്‍ കൊവിഡ് നിയന്ത്രണ പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ബീച്ചില്‍ കൈകഴുകാനുള്ള സൗകര്യങ്ങളും മുന്നറിയിപ്പ് ബോര്‍ഡുകളും വയ്ക്കാന്‍ പഞ്ചായത്തുകള്‍ക്കും ഡിടിപിസിക്കും പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. റിസോര്‍ട്ടുകളിലും വ്യാപാരസ്ഥാപനങ്ങളിലും സാനിറ്റൈസറും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.