പരതക്കാട്: ക്ഷേത്രത്തിലേക്കുള്ള നടപ്പാതക്ക് സൗജന്യമായി സ്ഥലം വിട്ടു നല്കി മഹല്ല് കമ്മറ്റി. പരതക്കാട് ജുമുഅത്ത് പള്ളികമ്മറ്റിയാണ് ക്ഷേത്രത്തിലേക്ക് വഴി നിര്‍മിക്കുന്നതിനായി പള്ളിയുടെ സ്ഥലം സൗജന്യമായി വിട്ടുനല്‍കിയത്. മുതുവല്ലൂര്‍ കോഴിക്കോടന്‍ മൂച്ചിത്തടം ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴിയാണ് പള്ളി വക സ്ഥലത്തിലൂടെ യാഥാര്‍ഥ്യമായത്.
പള്ളിക്കമ്മറ്റി പഞ്ചായത്തിന് സ്ഥലം കൈമാറുകയും പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും നടപ്പാത നിര്‍മ്മിക്കുകയുമായിരുന്നു. ഒരു മീറ്ററിലധികം വീതിയിലാണ് 110 മീറ്റര്‍ കോണ്‍ക്രീറ്റ് നടപ്പാത നിര്‍മിച്ചിരിക്കുന്നത്. നടപ്പാത യാഥാര്‍ഥ്യമായതോടെ പ്രദേശത്തു തന്നെയുള്ള കോളനി വാസികള്‍ക്കും ആശ്വാസമായി.
ഈ വഴിയിലൂടെ ക്ഷേത്രത്തോട് ചേര്‍ന്നുള്ള കോളനിയിലേക്കും പോകാന്‍ കഴിയും. വര്‍ഷങ്ങളായി കോളനിയില്‍ കഴിയുന്നവര്‍ക്ക് സഞ്ചരിക്കാന്‍ വഴി ഉണ്ടായിരുന്നില്ല. വഴി യാഥാര്‍ഥ്യമായതോടെ വര്‍ഷങ്ങളായുള്ള കോളനി നിവാസികളുടെ ആവശ്യവും കൂടിയാണ് സാധ്യമായത്.
Discussion about this post