കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം. കട്ടിപ്പാറ സ്വദേശിയായ റിബാഷിന്റെ മൃതദേഹമാണ് രക്തം വാര്‍ന്ന നിലയില്‍ റോഡരികില്‍ കണ്ടത്. താമരശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഹസ്തിനപുരി ബാറിന്റെ സമീപത്ത് നിന്ന് ശനിയാഴ്ച രാവിലെയാണ് രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ റിബാഷിനെ കണ്ടെത്തിയത്.
തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് റിബാഷിനെ താമരശേരി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ ആശുപത്രിയിലെത്തി ആളെ തിരിച്ചറിഞ്ഞു.
തുടര്‍ന്ന് നടത്തിയ പരിശേധനയില്‍ ബാറിന്റെ മുന്‍ഭാഗത്ത് റോഡില്‍ രക്തക്കറകള്‍ കണ്ടെത്തിയിരുന്നു. ഇതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ബാറിലെ ജീവനക്കാരുമായുണ്ടായ വാക്കുത്തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ബാറിലെ സുരക്ഷാ ജീവനക്കാരനായ ബിജു എന്നയാളാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കുന്നത്.
മര്‍ദ്ദിച്ച് അവശനാക്കിയ റിബാഷിനെ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ആദ്യം കൊണ്ടിട്ടു. തുടര്‍ന്ന് ബാര്‍ അടച്ച ശേഷം ജീവനക്കാര്‍ ചേര്‍ന്ന് വഴിയരികില്‍ തള്ളുകയായിരുന്നുവെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. വാക്കുത്തര്‍ക്കത്തിനൊടുവില്‍ റിബാഷിനെ പിടിച്ച് തള്ളിയെന്നും പിന്നീട് വഴിയരികില്‍ കിടത്തിയെന്നുമാണ് ബാര്‍ ജീവനക്കാര്‍ പോലീസിനോട് പറഞ്ഞിരുന്നത്.
കസ്റ്റഡിയിലുള്ള അഞ്ച് പേരില്‍ സുരക്ഷാ ജീവനക്കാരന്‍ ബിജുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.